Accidental Death | അമ്പലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 വയസുകാരനടക്കം 4 പേര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: (www.kasargodvartha.com) അമ്പലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. 12 വയസുകാരനടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ചെ പായല്‍കുളങ്ങരയിലാണ് വാഹനാപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാലു പേര്‍ മരിച്ചതായി പൊലീസാണ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ആനാട് സ്വദേശി സുധീഷ് ലാല്‍, സുധീഷ് ലാലിന്റെ 12 വയസുള്ള മകന്‍ അമ്പാടി എന്നിവരെ തിരിച്ചറിഞ്ഞു. സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമാനത്താവളത്തിലേക്ക് പോകും വഴി എതിര്‍ദിശയില്‍ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് പുറത്തെടുത്തത്.
ഷൈനിയെ വിദേശത്തേക്ക് യാത്ര അയക്കാന്‍ പോകുകയായിരുന്നു ഇവര്‍. നെടുമങ്ങാട് ആനാട് നിന്നും പുലര്‍ചെ ഒരു മണിയോടെയാണ് ഇവര്‍ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. കാറിനുള്ളില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.