Demise | ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സോളാപ്പൂര്‍ മുന്‍ മേയര്‍ മഹേഷ് കോഥെ അന്തരിച്ചു

● ശരദ് പവാറും മറ്റ് നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
● മൃതദേഹം ബുധനാഴ്ച സോളാപ്പൂരിലെത്തിക്കും.
● പദ്മശാലി ജ്ഞാനതി സന്‍സ്തയുടെ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൂണെ: (KasargodVartha) ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സോളാപ്പൂര്‍ മുന്‍ മേയറും എന്‍സിപി (എസ്പി) നേതാവുമായ മഹേഷ് വിഷ്ണുപന്ത് കോഥെ (60) അന്തരിച്ചു.
മകരസംക്രാന്തിയോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന മഹാകുംഭത്തിലെ 'ഷാഹി സ്‌നാന'ത്തില്‍ (അമൃതസ്‌നാനം) പങ്കെടുക്കുന്നതിനിടെയാണ് മഹേഷ് കോഥെയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഹേഷ് കോഥെയുടെ മൃതദേഹം ബുധനാഴ്ച സോളാപ്പൂരിലെത്തിക്കും.
തന്റെ ചില സുഹൃത്തുക്കളോടൊപ്പമാണ് മഹേഷ് കോഥെ കുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് പോയത്. പുലര്‍ച്ചെ പ്രയാഗ് രാജില്‍ സ്‌നാനം നടത്തുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
മരണവാര്‍ത്ത പരന്നതോടെ മുറാര്‍ജി പേട്ടിലെ കോഥെയുടെ വീട്ടില്‍ വന്‍ ജനക്കൂട്ടം എത്തി. സോളാപ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയ പ്രമുഖ നേതാവായിട്ടാണ് മഹേഷ് കോഥെ അറിയപ്പെട്ടിരുന്നത്. പദ്മശാലി ജ്ഞാനതി സന്‍സ്തയുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റി നോര്‍ത്ത് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്. നഗര രാഷ്ട്രീയത്തിലെ പ്രമുഖനായ നേതാവിന്റെ വേര്‍പാടില്‍ എന്‍സിപി (എസ്പി) നേതാവ് ശരദ് പവാറും മറ്റ് പാര്‍ട്ടികളിലെയും നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
#MaheshKothale #RIP #Prayagraj #MahaKumbh #Solapur #NCP #HeartAttack