city-gold-ad-for-blogger

ഹൊസ്ദുർഗിന്റെ വികസന നായകൻ, മുൻ എം എൽ എ, എം നാരായണൻ അന്തരിച്ചു

Former Kerala MLA M Narayanan
Photo: Special Arrangement
  • 1991 മുതൽ 2001 വരെ രണ്ടുതവണ ഹൊസ്ദുർഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

  • പോസ്റ്റുമാൻ ജോലി രാജിവെച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്.

  • ജില്ലാ പഞ്ചായത്ത് അംഗമായും വിവിധ പാർട്ടി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

  • കാഞ്ഞങ്ങാട്ടെ നിരാഹാര സമരങ്ങൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

  • പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

കാഞ്ഞങ്ങാട്: (KasargodVartha) കമ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ എം. നാരായണന്‍ (73) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 1991 മുതൽ 1996 വരെയും 1996 മുതൽ 2001 വരെയും രണ്ടുതവണ പഴയ ഹൊസ്ദുർഗ് മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. 1991 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ചെറുവത്തൂർ, നീലേശ്വരം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പഴയ ഹൊസ്ദുർഗ് മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട ജനകീയനായ എംഎൽഎയായിരുന്നു എം. നാരായണൻ.

18 വർഷം പോസ്റ്റുമാൻ ജോലി ചെയ്ത അദ്ദേഹം, ജോലി രാജിവെച്ചശേഷമാണ് രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയത്. 2015 മുതൽ 2020 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫ് വെസ്റ്റ് എളേരി പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി.കെ.എം.യു ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മടിക്കൈയിലെ നാരായണൻ നായർ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് അദ്ദേഹം നടത്തിയ നിരാഹാരസമരം സംസ്ഥാന ശ്രദ്ധ ആകർഷിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാന്തോപ്പിൽ നടത്തിയ നിരാഹാരസമരവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു.

പരേതരായ മാവുവളപ്പിൽ ചന്തന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: കെ.എം. സരോജിനി (റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരി). മക്കൾ: ഷീന എൻ. (ഹെൽത്ത് ഇൻസ്‌പെക്ടർ, കാസർകോട് നഗരസഭ), ഷിംജിത്ത് (ഫോക്‌ലോർ പരിശീലകൻ, നാടൻപാട്ട്, തെയ്യം കലാകാരൻ), ഷീബ. മരുമക്കൾ: സുരേഷ്, രജനി (കയ്യൂർ പലോത്ത്), ഗോപാലൻ. സഹോദരങ്ങൾ: മാധവൻ മാവു വളപ്പിൽ (റിട്ട. സി.പി.സി.ആർ.ഐ കാസർകോട്), എം.വി. കുഞ്ഞമ്പു (റിട്ട. ഫിഷറീസ് വകുപ്പ്), എം. കുമാരൻ മുൻ എം.എൽ.എ (സി.പി.ഐ ജില്ലാ കൗൺസിൽ അംഗം), പരേതരായ രാമൻ, കണ്ണൻ (റിട്ട. സി.പി.സി.ആർ.ഐ കാസർകോട്), ചിരുകണ്ഠൻ, രാഘവൻ, ബാലൻ, കുഞ്ഞിരാമൻ.


അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ, പന്ന്യൻ രവീന്ദ്രൻ, സി.പി. മുരളി, കാസർകോട് ജില്ലാ സെക്രട്ടറി സി.പി. ബാബു, ബി.കെ.എം.യു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ, ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.


മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു


മുൻ എം.എൽ.എ എം. നാരായണന്റെ നിര്യാണത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. ഹൊസ്ദുർഗ് എം.എൽ.എ എം. നാരായണന്റെ വിയോഗം തീരാനഷ്ടമാണ്. ദീർഘകാലത്തെ സൗഹൃദവും ഹൃദയബന്ധവും ഉണ്ടായിരുന്നു. കാസർകോട് എം.പിയായിരുന്ന കാലം മുതൽ എം. നാരായണനുമായി ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ജനകീയനായ ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്റെ പദവിയോട് നീതി പുലർത്തിയ അദ്ദേഹത്തിന്റെ വിയോഗം തീർത്താൽ തീരാത്ത നഷ്ടമാണ്. ദുഃഖാർത്തരായ കുടുംബാംഗങ്ങളോടും നാട്ടുകാരോടും അദ്ദേഹം അഗാധമായ അനുശോചനം അറിയിച്ചു.

ഇ. ചന്ദ്രശേഖരൻ എം.എൽ.എ അനുശോചിച്ചു


കാഞ്ഞങ്ങാട്: കമ്യൂണിസ്റ്റ് നേതാവും ഹൊസ്ദുർഗ് മുൻ എം.എൽ.എയുമായ എം. നാരായണന്റെ നിര്യാണത്തിൽ സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ അനുശോചിച്ചു. കാഞ്ഞങ്ങാടിന്റെ പ്രിയങ്കരനും ജനകീയനുമായിരുന്ന എം.എൽ.എയുടെ നിര്യാണം പാർട്ടിക്കും പാവപ്പെട്ട ജനങ്ങൾക്കും വലിയ നഷ്ടമാണ്. സാധാരണക്കാരിൽ സാധാരണക്കാരനായ സഖാവിന്റെ വിനയവും സ്നേഹപൂർണമായ പെരുമാറ്റവും കാഞ്ഞങ്ങാട്ടുകാർക്ക് മറക്കാൻ കഴിയില്ല. രണ്ടുതവണ എം.എൽ.എയായിരുന്ന അദ്ദേഹം പാർട്ടിയുടെ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയായും ജില്ലാ കൗൺസിലംഗമായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിരുന്നു. സഖാവിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ ഏറെ പ്രയാസപ്പെടേണ്ടിവരും. അദ്ദേഹത്തിന്റെ ദുഃഖാർത്തരായ ഭാര്യ, മക്കൾ, കുടുംബാംഗങ്ങൾ എന്നിവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പാർട്ടി സഖാക്കളോടും അനുശോചനം അറിയിക്കുന്നതായി ഇ. ചന്ദ്രശേഖരൻ എം.എൽ.എ അനുശോചന സന്ദേശത്തിൽ അറിയിച്ചു.


ബി.കെ.എം.യു സംസ്ഥാന കമ്മിറ്റി അനുശോചിച്ചു


കാസർകോട്: കമ്യൂണിസ്റ്റ് നേതാവും ഹൊസ്ദുർഗ് മണ്ഡലം മുൻ എം.എൽ.എയും ബി.കെ.എം.യു നേതാവുമായിരുന്ന എം. നാരായണന്റെ നിര്യാണത്തിൽ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാറും സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലും അനുശോചനം രേഖപ്പെടുത്തി.


സി.പി.ഐ ജില്ലാ കൗൺസിൽ അനുശോചിച്ചു


കാസർകോട്: കമ്യൂണിസ്റ്റ് നേതാവും ഹൊസ്ദുർഗ് മണ്ഡലം മുൻ എം.എൽ.എയുമായിരുന്ന എം. നാരായണന്റെ നിര്യാണത്തിൽ സി.പി.ഐ ജില്ലാ കൗൺസിൽ അനുശോചിച്ചു. 1991 മുതൽ 1996 വരെയും 1996 മുതൽ 2001 വരെയും രണ്ടുതവണ ഹൊസ്ദുർഗ് മണ്ഡലം എം.എൽ.എയായിരുന്നു. പഴയ ഹൊസ്ദുർഗ് മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട ജനകീയനായ എം.എൽ.എയായിരുന്നു എം. നാരായണൻ. രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പോസ്റ്റുമാൻ ജോലി ചെയ്തിരുന്ന കാലം മുതൽ പാർട്ടിയിൽ സജീവമായിരുന്ന അദ്ദേഹം ജോലി രാജിവെച്ചാണ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. 2015 മുതൽ 2020 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫ് വെസ്റ്റ് എളേരി പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി.കെ.എം.യു ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാധാരണക്കാരുടെ വിഷയങ്ങളിൽ ഇടപെടുന്നതിലും അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും അവരോടൊപ്പം നിന്ന സഖാവ് ജനകീയ നേതാവായിരുന്നെന്ന് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

സംസ്കാരം ബുധനാഴ്ച, ഔദ്യോഗിക ബഹുമതികളോടെ


കാഞ്ഞങ്ങാട്: ചൊവ്വാഴ്ച അന്തരിച്ച സി.പി.ഐ നേതാവും ഹൊസ്ദുർഗ് മുൻ എം.എൽ.എയുമായിരുന്ന എം. നാരായണന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും. ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എത്തിച്ച് മൃതദേഹം ബുധനാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ ബങ്കളത്തും 12.30 മണി മുതൽ 3.30 വരെ കാഞ്ഞങ്ങാട് ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. വൈകീട്ട് എളേരിയിലേക്ക് കൊണ്ടുപോകും. എളേരിയിൽ പൊതുദർശനത്തിനുശേഷം 5 മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് എം. നാരായണന്റെ വിയോഗത്തിൽ നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുക.

Article Summary: Former Kerala MLA M Narayanan, 73, has passed away.

#MNarayanan #KeralaPolitics #CPIM #Kanhangad #Obituary #KeralaNews

 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia