Obituary | വാഹനാപകടത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
● ഈ മാസം നാലിനാണ് അപകടം സംഭവിച്ചത്.
● സിപിഎം നേതാവ് പി കരുണാകരനാണ് ആശുപത്രിയിലെത്തിച്ചത്.
● ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.
നീലേശ്വരം: (KasargodVartha) വാഹന അപകടത്തില്‍ പരുക്കേറ്റ മുന്‍ ഉദുമ എംഎല്‍എയും (Uduma Ex-MLA) മുന്‍ കാസര്‍കോട് ഡിസിസി പ്രസിഡണ്ടും (DCC President) കെപിസിസി ജെനറല്‍ സെക്രടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ (KP Kunhikannan-74) അന്തരിച്ചു.
ഈ മാസം നാലിന് നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപം ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് കുഞ്ഞിക്കണ്ണന് ഗുരുതരമായി പരുക്കേറ്റത്. എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാരിയെല്ലിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
ലോറിയില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ദേശീയപാതാ നിര്‍മാണ സൈറ്റിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചാണ് കാര്‍ തകര്‍ന്നത്. ഈ സമയത്ത് കാറില്‍ ഇതുവഴി വന്ന കാസര്‍കോട് മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി കരുണാകരന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പുല്ലൂര്‍ പൊള്ളക്കടയിലെ ഇ വി സുരേന്ദ്രനാണ് കുഞ്ഞിക്കണ്ണനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചത്.
രണ്ടാഴ്ചയോളം കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണനെ ന്യുമോണിയ ബാധയെ തുടര്‍ന്ന് കണ്ണൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലര്‍ചെയോടെയാണ് മരണപ്പെട്ടത്.
1987 ലാണ് കെ പി കുഞ്ഞിക്കണ്ണന്‍ ഉദുമായില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് എംഎല്‍എ ആയത്. തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ അടക്കം മത്സരിച്ചിരുന്നു. കാസര്‍കോട് ജില്ല രൂപീകരിച്ച ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡണ്ടായിരുന്നു. കാന്‍ഫെഡ് എന്ന വിദ്യാഭ്യാസ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും കാഞ്ഞങ്ങാട് പറക്കളായി പി എന്‍ പണിക്കര്‍ ആയുര്‍വേദ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പദവിയിലും പ്രവര്‍ത്തിച്ചിരുന്നു.
വൈദ്യുതി ബോർഡ് അംഗമായിരുന്നു. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ കെ പി കുഞ്ഞിക്കണ്ണന്റെ രാഷ്ട്രീയ തട്ടകം കാസര്‍കോട് ജില്ലയായിരുന്നു. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ വിശ്വസ്ത അനുയായിയായിരുന്നു കെ പി കുഞ്ഞിക്കണ്ണന്‍. കെ സുശീലയാണ് ഭാര്യ. ഒരു മകനും മകളും ഉണ്ട്.
#KPKunhikannan #RIP #KeralaPolitics #Congress #accident #obituary