T Sivadasa Menon Passed Away | മുന്‍മന്ത്രിയും സിപിഎം നേതാവുമായ ടി ശിവദാസ മേനോന്‍ അന്തരിച്ചു
കോഴിക്കോട്: (www.kasargodvartha.com) മുന്‍മന്ത്രിയും സിപിഎം നേതാവുമായ ടി ശിവദാസ മേനോന്‍ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
മൂന്നു തവണ നിയമസഭാംഗവും രണ്ടു തവണ മന്ത്രിയുമായിരുന്നു. പാലക്കാട്ടുനിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നാം നായനാര്‍ മന്ത്രിസഭയില്‍ ധന വകുപ്പും എക്‌സൈസ് വകുപ്പും കൈകാര്യം ചെയ്തു.
അധ്യാപകസംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശിവദാസ മേനോന്‍ ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവ ആവേശം പാര്‍ടിയുടെ കരുത്തായി തീര്‍ന്നിരുന്നു. എക്‌സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപുകള്‍ സഹകരണ സംഘങ്ങള്‍ക്ക് ഏല്‍പിച്ചു കൊടുത്ത തീരുമാനം ശ്രദ്ധ നേടിയിരുന്നു.
1987-1991ലും 1991-1996 വരെയും 1996 മുതല്‍ 2001വരെയും നിയമസഭയില്‍ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987 മുതല്‍ വൈദ്യുതിഗ്രാമവികസന വകുപ്പ് മന്ത്രിയായി. മന്ത്രിയായ ശേഷമാണ് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. 1991ല്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചീഫ് വിപായി. 1996 മുതല്‍ 2001 വരെ ധനമന്ത്രിയുമായി. ഇതിനിടെ പബ്ലിക് അകൗണ്ട്‌സ് കമിറ്റി ചെയര്‍മാനായി.
മഞ്ചേരി കച്ചേരിപ്പടിയില്‍ മരുമകനും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായ (ഡിജിപി) സി ശ്രീധരന്‍നായരുടെ നീതി എന്ന വീട്ടിലായിരുന്നു താമസം. ഭാര്യ ഭവാനി അമ്മ 2003ല്‍ മരിച്ചു. മക്കള്‍: ടി കെ ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കള്‍: കരുണാകര മേനോന്‍ (എറണാകുളം).
Keywords: news,Kerala,State,Kozhikode,Death,Minister,Obituary,Top-Headlines, Former Kerala Minister T Sivadasa Menon passed away