Remembrance | കാപട്യമില്ലാത്ത കൂട്ടുകാരന് വിട

● ഹാഷിം കാപട്യമില്ലാത്ത, വിനയത്തിൻ്റെ പര്യായമായ വ്യക്തിയായിരുന്നു.
● നീല സ്കൂട്ടറിൽ നാടിൻ്റെ മുക്കിലും മൂലയിലും സൗഹൃദം പങ്കിട്ട വ്യക്തി.
● ചെറുപ്പവലിപ്പമില്ലാതെ എല്ലാവരുമായി ഭവ്യതയോടെ പെരുമാറി.
● സ്വന്തം വളർച്ചയ്‌ക്കൊപ്പം മറ്റുള്ളവരെയും ഉയർത്തിക്കൊണ്ടുവരാൻ ആഗ്രഹിച്ചു.
● കായികക്ഷമതയ്ക്കായി ടെന്നീസ് കോർട്ട് നിർമ്മിച്ച് നാട്ടുകാർക്ക് സമ്മാനിച്ചു.
ജലാൽ തായൽ
(KasargodVartha) ഈ കപട ലോകത്ത് കാപട്യമില്ലാത്ത, നാട്യങ്ങളില്ലാത്ത ഒരു സുഹൃത്തിനെ ചൂണ്ടിക്കാണിക്കാൻ കഴിയുമെങ്കിൽ അതിലൊന്ന് നീയാകുമായിരുന്നു ഹാഷിം. സ്വാർത്ഥതയില്ലാത്ത, സാമർത്ഥ്യങ്ങളില്ലാത്ത, വിനയത്തിൻ്റെ പര്യായമായ നിൻ്റെ ജീവിതം മറ്റുള്ളവർക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ആരെയും വെറുപ്പിക്കാതെ, ഇഷ്ടം കൂടി, സ്നേഹം പകർന്ന്, സൗഹൃദം പങ്കിടുന്ന നിൻ്റെ ആ പളുങ്ക് ഹൃദയം എളിമയുടെ, ദയയുടെ, കരുണയുടെ നിറകുടമായിരുന്നു. സഹാനുഭൂതിയുടെ അനർഘമായ പ്രവാഹം നിൻ്റെ ചര്യകളിൽ സ്പഷ്ടമായിരുന്നു. വിടപറയാനായിരുന്നുവെങ്കിൽ നാമെന്തിന് അത്രമേൽ മിത്രങ്ങളായി ഹാഷിം? എത്ര ശ്രമിച്ചാലും മറക്കാനാവില്ല ഈ സുകൃതം.

ഒരു നീല സ്‌കൂട്ടർ. അതിലൊരു പഞ്ചപാവത്താൻ. പലപ്പോഴും എൻ്റെ വീടിൻ്റെ മുറ്റത്തേക്ക് ഒരു വരവുണ്ട്. തിന്നാനോ കുടിക്കാനോ നിൽക്കില്ല. സംസാരിക്കണം. ഒരുപാടൊരുപാട്. കാമ്പുള്ള വിഷയങ്ങൾ, ഗുണകരമായ ഉപദേശങ്ങൾ, പ്രചോദനമേകുന്ന ആശയങ്ങൾ. അതാണ് ഹാഷിം. ഞാനിത് എഴുതുമ്പോൾ, വായിക്കുന്ന പലരിലും അവൻ്റെ ഈ ഗുണങ്ങൾ മിന്നിമറയും. നാടിൻ്റെ ഓരോ മുക്കിലും മൂലയിലും അവൻ്റെ വാഹനം പാർക്ക് ചെയ്തിട്ടുണ്ടാവും. ചിലപ്പോഴാ നീല സ്‌കൂട്ടർ, ചിലപ്പോൾ മറ്റു വാഹനങ്ങൾ. ചെറുപ്പമോ വലിപ്പമോ ഹാഷിമിന് വിഷയമല്ല. അവരെയെല്ലാം കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയുണ്ട്. നന്നായി കേൾക്കുകയും പറയുകയും ചെയ്യും. ഉപദ്രവമില്ലാത്ത ഉപദേശങ്ങളും, പരോപകാരപ്രദമായ അറിവുകളും മറ്റുള്ളവർക്ക് പകർന്നു നൽകും. നല്ലതും ചീത്തയും വേർതിരിച്ചു ബോധ്യപ്പെടുത്തും. അത് കുടുംബത്തിലാണെങ്കിലും സുഹൃദ്ബന്ധത്തിലാണെങ്കിലും. ഒരു വിഷയം മുമ്പിലിട്ടാൽ എടുത്തുചാടി മറുത്തു പറയില്ല. ശാന്തമായി ന്യൂനതകൾ കണ്ടെത്തും, നൂതനമായ പരിഹാരങ്ങൾ ചിന്തിക്കും. ദീർഘവീക്ഷണത്തോടെ അവതരിപ്പിക്കും
.

വിനയമായിരുന്നു മുഖമുദ്ര. എളിമയായിരുന്നു കൈമുതൽ. ചെറുപ്പവലിപ്പമില്ലാതെ ഭവ്യതയോടെ പെരുമാറിയ ഹാഷിമിൻ്റെ ബന്ധം വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നു. ആഡംബരം ആകാമായിരുന്നിട്ടും ലളിതമായി ജീവിച്ച ഹാഷിമിനോട് സംസാരിക്കാൻ ഏത് പ്രായക്കാർക്കും ഇഷ്ടമായിരുന്നു. സ്ത്രീ-പുരുഷ-പ്രായഭേദമന്യേ കുശലാന്വേഷണം നടത്തും. മാഞ്ഞ ഓർമ്മകൾ ചികഞ്ഞെടുക്കും. മുറിഞ്ഞ ബന്ധങ്ങൾ തുന്നിച്ചേർക്കും. അങ്ങനെയുള്ള ഒരവസരവും ഹാഷിം നഷ്ടപ്പെടുത്താറില്ല. മറ്റുള്ളവരുടെ നന്മകൾ പറഞ്ഞ് അവരെ സന്തോഷിപ്പിക്കുകയും കഴിവുകളെ അഭിനന്ദിക്കുകയും ചെയ്യാൻ തിടുക്കം കാട്ടിയ മനസ്സായിരുന്നു അവന്റേത്. സ്വന്തം വളർച്ചയ്‌ക്കൊപ്പം തൻ്റെ ചുറ്റിലുമുള്ളവരെ ഉയർത്തിക്കൊണ്ടുവരാൻ ആഗ്രഹിച്ച അതുല്യ വ്യക്തിത്വം. ചെറിയൊരു വാസന കണ്ടാൽ പ്രോത്സാഹനം നൽകി വളർത്താൻ താല്പര്യം കാട്ടും. ബിസിനസ് മേഖലകളിൽ പോലും കൂടെയുള്ളവരെ കൈപിടിച്ചുയർത്തിയതും, സാമ്പത്തികാപകടം നേരിട്ട സുഹൃത്തിന് സ്വകാര്യമായി ഭീമമായ തുക നൽകി പ്രത്യാശയുടെ വെളിച്ചമേകിയതും മനുഷ്യത്വത്തിൻ്റെ മായാത്ത അടയാളങ്ങളാണ്.
ഒരു ദിവസം രാത്രി എൻ്റെ വീട്ടിൽ നിന്നും എന്നെ ഇറക്കിക്കൊണ്ടുപോയി. വല്ല തട്ടുകടയിലേക്കും ഭക്ഷണം കഴിക്കാനായിരിക്കും എന്ന് കരുതി. പക്ഷേ, ഇരുട്ടുള്ള ചില ഇടവഴികളിലൂടെ നടത്തിച്ചു. അവസാനം ചെന്നെത്തിയത് ചില കിടപ്പുരോഗികളുടെ വീടുകളിലേക്കാണ്. ചിലർക്ക് ഹാഷിമിനെ കണ്ടപ്പോൾ ഉണ്ടായ ഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്തി. സ്വന്തം വീട്ടുകാരെ പോലെ ശുശ്രൂഷിക്കുകയും ഇടപഴകുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ നിത്യസന്ദർശകനാണെന്ന് മനസ്സിലായി. ചില വീൽചെയറുകൾ ഹാഷിമിൻ്റെ സംഭാവനയാണെന്ന സത്യം ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്. അങ്ങനെ നാമറിയാതെ പലതുമുണ്ടെന്ന് കേട്ടിട്ടുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കഷ്ടപ്പാടുമെല്ലാം കണ്ണടച്ച് അവഗണിക്കാൻ ഹാഷിമിനാകില്ല. സാധ്യമായ വഴിയിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കും. ഒന്നുകിൽ നേരിട്ട്, അല്ലെങ്കിൽ കൂട്ടായി ചെയ്യാൻ പ്രചോദിപ്പിക്കും. കൂടെ നിൽക്കും.

കായികക്ഷമതയ്ക്ക് വേണ്ടി പടിഞ്ഞാറിലെ ഒഴിഞ്ഞുകിടന്ന ഒരു പറമ്പിൽ സ്വന്തം ചെലവിൽ ഒരു ടെന്നീസ് കോർട്ട് പണിത് നാട്ടുകാർക്ക് സമ്മാനിച്ചത് ഈ അടുത്തകാലത്താണ്. സിമൻ്റ് തറയിൽ പരിക്കേൽക്കുമെന്ന ഭയംകൊണ്ട് അത് സിന്തറ്റിക് മൈതാനമാക്കാൻ തിടുക്കം കാട്ടി. പടിഞ്ഞാർ മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ഈ അവസാന നാളുകളിൽ പോലും ഭാരവാഹിത്വത്തിന് അതീതമായ പ്രവർത്തന ത്വരയാണ് ഹാഷിം കാണിച്ചിരുന്നത്. പടച്ചോൻ്റെ പ്രതിഫലം നേടിയെടുക്കാനുള്ള ഒരുതരം അഭിനിവേശം. വിവിധ പ്രവർത്തനങ്ങളുടെ പിന്നാമ്പുറങ്ങളിലും ആ ത്വര പ്രകടമായിരുന്നു. ഏറ്റെടുക്കുന്ന നല്ല കാര്യങ്ങളിലൊക്കെ സജീവമായി ഹാഷിമുണ്ട്. വലിയ പിള്ള ചമയാതെ, നേതാവാകാതെ, ഫോട്ടോയ്ക്ക് പോലും മുതിരാതെ...
യഹ്‌യ തളങ്കരയുടെ വീട്ടിൽ വെച്ചായിരുന്നു ഞങ്ങളുടെ നേരിട്ടുള്ള അവസാന കൂടിക്കാഴ്ച. അന്ന് സുബൈർ പള്ളിക്കാലും ഖലീൽ ജിബ്രാനും കൂടെയുണ്ട്. സൗഹൃദ സല്ലാപം രാത്രി ഒരു മണി വരെ നീണ്ടു. ഭക്ഷണ ക്രമീകരണം മൂലം കൂടുതൽ ആരോഗ്യവാനാണെന്ന് ഹാഷിം പറഞ്ഞു. ഫുട്ബോൾ കളിക്കാനുള്ള മോഹവും തുറന്നുപറഞ്ഞു. മിഡ്‌ഫീൽഡറായി ഡ്രിബ്ലിങ്ങിൽ കളി മെനയുന്ന നല്ലൊരു ഫുട്ബോളർ കൂടിയായിരുന്നു ഹാഷിം. കുട്ടിക്കാലത്ത് തുടങ്ങിയ കളി ദുബായിലെ ടിഫാ വീക്കിലിയിലും തുടർന്നു. ഇപ്പോഴും കളിക്കാൻ മാത്രമുള്ള ഫിറ്റ്നസ് ഉണ്ടെന്ന് കാണിക്കാൻ ഞങ്ങളുടെ മുമ്പിൽ വെച്ച് തന്നെ കാലുകൾ ഉയർത്തി വീശിയപ്പോൾ അവൻ്റെ ചങ്കുറപ്പ് പ്രകടമായി. ആ ആത്മധൈര്യം ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. പക്ഷേ, വിധി മറ്റൊന്നായി മാറി. വിളിക്കാതെ വന്ന ഒരതിഥി - മരണം. കാണാൻ ഇനിയും ഒരുപാട് കാഴ്ചകൾ ബാക്കിയുണ്ടായിരുന്നു. കണ്ടു കൊതിതീരാത്ത ഒത്തിരി മുഖങ്ങളും ബാക്കിയുണ്ട്. സഞ്ചരിക്കാൻ ദൂരമേറെയുണ്ട്, ചെയ്തു തീർക്കാൻ പലതും ബാക്കിയുണ്ട്.
സ്വപ്‌നങ്ങൾ പാതിവഴിയിൽ അടർത്തിമാറ്റുമ്പോൾ മനസ്സിനെ സങ്കടപ്പെടുത്തുന്ന ഒരു സൗധം തളങ്കരയുടെ കണ്ണായ നുസ്രത്ത് നഗറിൽ കണ്ണീർ പൊഴിക്കുന്നുണ്ട്. അവൻ്റെ വീട്. നീണ്ട പ്രവാസ ജീവിതത്തിലെ അധ്വാനത്തിൻ്റെ പ്രതീകം. നാളേറെ സ്വപ്‌നങ്ങൾ നെയ്ത്, സ്വയം കുറിച്ചും വരച്ചും രൂപകല്പന ചെയ്ത്, പണിതീരാറായ അവൻ്റെ സ്വപ്നവീട്... മനോഹരമായ ആ വീടിൻ്റെ ഗൃഹപ്രവേശം കാത്തിരിക്കാതെ അവൻ പോകുകയാണ്. ഉള്ളുരുകി കരയുന്ന ഉറ്റവരെയും ഉടയവരെയും പിഴുതുമാറ്റി മറ്റൊരു വീട്ടിലേക്ക്. മണിയറക്ക് പകരം മഖ്ബറയിലേക്ക്. അവൻ്റെ നല്ല ജീവിതത്തിനും സൗഹൃദങ്ങൾക്കും ഈ നാട് നൽകിയ സാക്ഷ്യപത്രമായിരുന്നു സംസ്കാര ചടങ്ങിൽ പങ്കെടുത്ത വൻ ജനാവലി.
ഒരു തുള്ളി കണ്ണുനീർ ഞാനും പൊഴിക്കുന്നു, നെഞ്ചിൽ ഒരു നുള്ള് നൊമ്പരം ബാക്കിയാക്കി.
പ്രിയ സുഹൃത്തിന് നാഥൻ പാരത്രിക വിജയം നൽകട്ടെ. ആമീൻ.
ഈ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പ് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക. ഹാഷിമിനെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകളും അനുഭങ്ങളും താഴെ കമന്റ് ബോക്സിൽ പങ്കുവെക്കാവുന്നതാണ്.
This is a heartfelt obituary by Jalal Thayyal remembering his unpretentious and selfless friend, Hashim. The writer fondly recalls Hashim's genuine nature, his habit of visiting on his blue scooter for meaningful conversations, his willingness to help everyone regardless of age or status, his thoughtful advice, and his charitable deeds, including building a tennis court for the community and secretly helping a financially distressed friend. The piece also touches upon Hashim's humility, his efforts to mend broken relationships, and his dedication to community work. The writer expresses deep sorrow over Hashim's sudden demise, especially as his dream home was nearing completion. The large turnout at his funeral was a testament to his good life and friendships.
#Obituary #Friendship #Remembrance #Kerala #Community #Selfless