Expatriate Died | അസുഖത്തെ തുടർന്ന് നാട്ടില്‍ ചികിത്സയ്‌ക്കെത്തിയ പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി
* ദുബൈയില്‍ അമ്മാവന്റെ കടയിലാണ് ജോലി ചെയ്തിരുന്നത്
അമ്പലത്തറ: (KasargodVartha) അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയ്‌ക്കെത്തിയ പ്രവാസി യുവാവ് മരിച്ചു. ബേക്കല്‍ മൗവ്വലിലെ പരേതരായ മുഹമ്മദ് കുഞ്ഞി - സുഹ്റ ദമ്പതികളുടെ മകൻ പാറപ്പള്ളിയിലെ പി എച് ശാഹിദ് (28) ആണ് മരിച്ചത്. ദുബൈയില്‍ അമ്മാവന്‍ പി എച് ബശീറിന്റെ കടയില്‍ ജോലി ചെയ്തിരുന്ന ശാഹിദ് അസുഖ ബാധിതനായി മാസങ്ങളായി നാട്ടില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ചികിത്സിച്ച് ഭേദമാക്കാന്‍ ബെംഗ്ളുറു ഉള്‍പെടെയുള്ള ആശുപത്രിയില്‍ കൊണ്ട് പോയങ്കിലും ഫലം കണ്ടില്ല. ദുബൈയില്‍ ജോലി ചെയ്യവേ യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് റാശിദ് അല്‍ മക്തൂമിനെയടക്കം സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ നേരാന്‍ അപൂര്‍വ അവസരം ശാഹിദിന് ലഭിച്ചിരുന്നു.
കെഎംസിസി സജീവ പ്രവര്‍ത്തകന്‍ കൂടിയായ ശാഹിദ് സാമൂഹ്യ-സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: മുസവ്വിറ ചിത്താരി. ഏക മകള്‍ സുഹ്റ മെഹ്‌വിശ് (രണ്ടരവയസ്). ദുബൈ മണ്ഡലം കെഎംസിസി സെക്രടറി ശാനവാസ് ഏക സഹോദരനാണ്.