കരിന്തളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന സിപിഎം ബ്രാഞ്ച് അംഗമായ വീട്ടമ്മയെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി
● സി.പി.എം കരിന്തളം വെസ്റ്റ് ബ്രാഞ്ച് അംഗം ലക്ഷ്മിക്കുട്ടിയമ്മ ആണ് മരിച്ചത്.
● വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ കണ്ടെത്തിയത് ദുരൂഹതയുണർത്തുന്നു.
● ശരീരത്തിൽ പരിക്കുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ പ്രാഥമികമായി കണ്ടെത്തിയിട്ടില്ല.
● ആഭരണങ്ങൾ ശരീരത്തിൽ തന്നെയുള്ളതിനാൽ കവർച്ചാ ശ്രമമല്ലെന്ന് പ്രാഥമിക നിഗമനം.
● നീലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നീലേശ്വരം: (KasargodVartha) കരിന്തളം ഗവൺമെന്റ് കോളേജിന് സമീപം മെയിൻ റോഡരികിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം സ്വദേശിനിയും സി.പി.എം കരിന്തളം വെസ്റ്റ് ബ്രാഞ്ച് അംഗവുമായ സി. ലക്ഷ്മിക്കുട്ടിയമ്മ (80) യെയാണ് ശനിയാഴ്ച രാത്രിയോടെ വീടിന്റെ അടുക്കളമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ കണ്ടെത്തിയത് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം വർധിപ്പിക്കുന്നു.
ശനിയാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ വെളിച്ചം തെളിയാത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അയൽവാസികൾ അന്വേഷണവുമായെത്തിയത്. പരിശോധനയിൽ വീടിന്റെ അടുക്കള ഭാഗം തുറന്നു കിടക്കുന്നതായും ലക്ഷ്മിക്കുട്ടിയമ്മ അടുക്കളമുറിയിൽ കമിഴ്ന്നു വീണു കിടക്കുന്നതായും കണ്ടെത്തി. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മരണം സംഭവിച്ചത് വെള്ളിയാഴ്ച തന്നെയാകാനാണ് സാധ്യതയെന്ന് പ്രദേശവാസികൾ സംശയിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് അല്പം അകലെ താമസിക്കുന്ന മകളുടെ വീട്ടിൽ നിന്നും ലക്ഷ്മിക്കുട്ടിയമ്മ പാൽ വാങ്ങി വന്നിരുന്നു. ഈ പാൽ അടുക്കളയിൽ മാറ്റമില്ലാതെ ഇരിക്കുന്ന നിലയിലാണ്. കൂടാതെ വീടിന് പുറത്ത് അടുപ്പുകല്ലിൽ കുളിക്കാൻ വെള്ളം വെച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
അടുക്കള വാതിൽ മാത്രം തുറന്നു കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ പരിക്കുകളോ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വയോധിക സാധാരണയായി ധരിക്കാറുള്ള കമ്മലും വളയും ശരീരത്തിൽ തന്നെയുണ്ട്. മാല പുറത്തു പോകുമ്പോൾ മാത്രമേ ധരിക്കാറുള്ളൂവെന്ന് അയൽവാസികൾ പറഞ്ഞു.
വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ ഞായറാഴ്ച രാവിലെ മാത്രമേ പൂർത്തിയാക്കുകയുള്ളൂ എന്ന് നീലേശ്വരം ഇൻസ്പക്ടർ നിധിൻ ജോസ് ശനിയാഴ്ച രാത്രി പറഞ്ഞു. പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യയാണ് ലക്ഷ്മിക്കുട്ടിയമ്മ. ഏക മകൾ: പ്രഭ (ഓമച്ചേരി). മരുമകൻ: എം.സി. സുധാകരൻ. സംഭവത്തിൽ നീലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത അയൽവാസികളിലേക്കും സുഹൃത്തുക്കളിലേക്കും എത്തിക്കൂ.
Article Summary: Elderly woman found dead in kitchen at Karinthalam; police suspect mystery.
#Karinthalam #Nileshwar #CrimeNews #KeralaPolice #CPM






