Obituary | കാസർകോട്ടുകാരുടെ ഹൃദയം കീഴടക്കിയ ഡോക്ടർ കെ ബാലഗോപാലൻ നായർ വിടവാങ്ങി
45 വർഷങ്ങൾക്ക് മുമ്പാണ് ബാങ്ക് റോഡിൽ ശ്രീകൃഷ്ണ ക്ലിനിക് ആരംഭിച്ചത്
കാസർകോട്: (KasargodVartha) സാധാരണക്കാർക്ക് ആശ്വാസമായിരുന്ന, നഗരത്തിലെ ബാങ്ക് റോഡിൽ ശ്രീകൃഷ്ണ ക്ലിനിക് നടത്തിവരികയായിരുന്ന ഡോ. കെ ബാലഗോപാലൻ നായർ (75) വിടവാങ്ങി. അദ്ദേഹത്തിന്റെ സേവനവും ഹൃദ്യമായ പെരുമാറ്റവും നിഷ്കളങ്കമായ പുഞ്ചിരിയും കാസർകോട്ടുകാരുടെ ഹൃദയം കീഴടക്കിയിരുന്നു. സാധാരണക്കാർക്ക് വേണ്ടി ജീവിതം സമർപ്പിച്ച ബാലഗോപാലൻ നായറുടെ ലാളിത്യവും വിനയവും ഡോക്ടറെ ജനകീയനാക്കി.
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടത്. 45 വർഷങ്ങൾക്ക് മുമ്പാണ് ബാങ്ക് റോഡിൽ ശ്രീകൃഷ്ണ ക്ലിനിക് ആരംഭിച്ചത്. ക്ലിനികിന് തൊട്ടടുത്ത് തന്നെയാണ് താമസിച്ചിരുന്നത്. കുറ്റിക്കോൽ കളക്കരയിലെ കളക്കര ഹൗസിലെ പരേതനായ കൃഷ്‌ണൻ നായർ-മാധവി ദമ്പതികളുടെ മകനാണ്.
അവിവാഹിതനാണ്. സഹോദരങ്ങൾ: കെ.കെ നായർ, ലീലാവതി കെ. നായർ (പ്രിൻസിപ്പൽ ബാലഭവൻ, ഇംഗ്ലീഷ് മീഡിയം സ്കൂൾ), ഡോ. കുസുമ കെ. നായർ (മംഗ്ളൂരു), വേണുഗോപാലൻ നായർ ചാമക്കൊച്ചി, പരേതനായ കരുണാകരൻ നായർ. സംസ്‌കാരം കളക്കരയിലെ കുടുംബശ്‌മശാനത്തിൽ.
അനുശോചിച്ച് എൻ എ നെല്ലിക്കുന്ന് എംഎൽഎ
എൻ എ നെല്ലിക്കുന്ന് എംഎൽഎ ഡോക്ടറുടെ നിര്യാണത്തിൽ അനുശോചിച്ചു. സാധാരണക്കാർക്ക് വേണ്ടി ജീവിക്കുകയും സാധാരണക്കാരന് വേണ്ടി തന്റെ ക്ലിനിക് സദാ തുറന്നു വെക്കുകയും ചെയ്ത ഡോക്ടറുടെ ലാളിത്യവും എളിമയും കുലീനതയും ചെറുപ്പം മുതലെ എന്നെ ഹഠാദാകർഷിച്ചതാണ്.
മരുന്നിലല്ല, ഹൃദ്യമായ പെരുമാറ്റത്തിലും നിഷ്കളങ്കമായ പുഞ്ചിരിയിലുമാണ് അദ്ദേഹം സാധാരണക്കാരന്റെ രോഗം ഭേദമാക്കിയത് എന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല. കാസർകോടിന് ഒരു നല്ല മനുഷ്യനെയാണ് നഷ്ടപ്പെട്ടത്. തിരുവനന്തപുരത്തായതിനാൽ പ്രിയപ്പെട്ട ഡോക്ടറെ അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ എന്നതാണ് തന്റെ ദുഃഖമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#DrKBalagopalanNair #Kasaragod #Healthcare #Obituary #MedicalServices #CommunityTribute