Accident | ഡെൽഹിയിൽ ബൈക് ഡിവൈഡറിൽ ഇടിച്ച് മരിച്ച എസ്ഐക്ക് നാടിന്റെ വിട
തൃക്കരിപ്പൂർ: (KasargodVartha) ഡെൽഹിയിൽ ബൈക് ഡിവൈഡറിൽ ഇടിച്ച് മരിച്ച എസ്ഐയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. തൃക്കരിപ്പൂർ നടക്കാവിലെ പരേതരായ കെ കുഞ്ഞമ്പു - ദേവകി ദമ്പതികളുടെ മകൻ എൻ കെ പവിത്രൻ (58) ആണ് മരിച്ചത്. 1985ൽ ഡെൽഹി പൊലീസിൽ ചേർന്ന പവിത്രൻ നിരവധി കേന്ദ്രമന്ത്രിമാരുടെയും നേതാക്കന്മാരുടെയും അംഗരക്ഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡെൽഹി പ്രഗതി മൈതാൻ സബ്‌വേയിൽ ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. പവിത്രൻ സഞ്ചരിച്ച ബൈക് ഡിവൈഡറിൽ ഇടിച്ച് തെറിച്ചുവീഴുകയായിരുന്നു. പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം, ഡെൽഹി പൊലീസ് മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ ആൻഡ് കൾചറൽ സോസൈറ്റി പ്രസിഡന്റ് പവിത്രൻ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ഞായറാഴ്‌ച രാത്രിയാണ് നാട്ടിൽ എത്തിച്ചത്.
നടക്കാവ് നെറൂദ തിയേറ്റേഴ്സിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വച്ച മൃതദേഹം 10 മണിയോടെ ഉദിനൂർ വാതക ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചന്തേര എസ്എച്ഒ ജി പി മനുരാജ്, കാസർകോട് ഹെഡ്ക്വാർടേഴ്സ് എസ്ഐ പി വി നാരായണൻ എന്നിവർ ഔദ്യോഗിക ബഹുമതികൾ നൽകുന്നതിന് നേതൃത്വം നൽകി.
മകൻ: കശിഷ് മാർക്ക് (ന്യൂഡെൽഹി). സഹോദരങ്ങൾ: എൻ കെ ജയദീപ് (അധ്യാപകൻ, ജിഡബ്ല്യുയുപിഎസ് മെട്ടമ്മൽ, കെഎസ്ടിഎ ജില്ലാ എക്സിക്യൂടീവ് അംഗം), എൻ കെ പ്രീത (അധ്യാപിക, ജി എഫ് വി എച് എസ് എസ് കാടങ്കോട്), എൻ കെ പ്രസീന അന്നൂർ. 2016 ൽ മികച്ച പൊലീസ് സേവനത്തിനുള്ള മെഡൽ നൽകി പവിത്രനെ ആദരിച്ചിരുന്നു.