city-gold-ad-for-blogger

കാസര്‍കോട്ട് നിന്നും എറണാകുളത്തെ അനാഥ മന്ദിരത്തിലെത്തിച്ച കുട്ടി മരിച്ചു

കാസര്‍കോട്ട് നിന്നും എറണാകുളത്തെ അനാഥ മന്ദിരത്തിലെത്തിച്ച കുട്ടി മരിച്ചു
കാഞ്ഞങ്ങാട്: കാസര്‍കോട്ട് നിന്നും ജുവൈനല്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് എറണാകുളത്തെ അനാഥ മന്ദിരത്തിലെത്തിച്ച കുട്ടി ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി.
എറണാകുളം എസ്ആര്‍ എം റോഡിലെ കഫര്‍ണ്ണാം എന്ന അനാഥ മന്ദിരത്തില്‍ കഴിയുകയായിരുന്ന കാസര്‍കോട്ടെ മുഹമ്മദ് കല്ലു എന്ന 12 വയസ്സുകാരനാണ് ചൊവ്വാഴ്ച പതിനൊന്ന് മണിയോടെ മരണപ്പെട്ടത്. ആരോരുമില്ലാത്തവര്‍ക്കും മാനസിക വൈകല്യങ്ങളുള്ളവര്‍ക്കും വേണ്ടിയാണ് എറണാകുളത്ത് കഫര്‍ണ്ണാം എന്ന സ്ഥാപനം നടത്തി വരുന്നത്.

സിസ്റ്റര്‍ ജൂലിയറ്റിന്റെ നേതൃത്വത്തിലുള്ള ഈ സ്ഥാപനത്തില്‍ മുഹമ്മദ് കല്ലുവിനെ മൂന്നര വര്‍ഷം മുമ്പാണ് ഒരു വശം തളര്‍ന്ന നിലയില്‍ പോലീസെത്തിച്ചത്. കാസര്‍കോട് ബസ്സ്റ്റാന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പിഞ്ചുബാലനെ ജുവനൈല്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് കഫര്‍ണ്ണാമില്‍ എത്തിച്ചത്. ഒരു വശം തളര്‍ന്നതിനാല്‍ കിടപ്പിലായിരുന്ന കല്ലുവിന് മാനസിക വളര്‍ച്ചയും ഇല്ലായിരുന്നു.

കഫര്‍ണ്ണാമിലെ അന്തേവാസികളെ പരിചരിക്കാന്‍ പത്തോളം പേര്‍ ഉണ്ടെങ്കിലും കല്ലുവിന്റെ ഓമനത്വം തുളുമ്പുന്ന മുഖം കണ്ടപ്പോള്‍ കുട്ടിയുടെ ശുശ്രൂഷ സിസ്റ്റര്‍ ജൂലിയറ്റ് സ്വയം ഏറ്റെടുക്കുകയായിരുന്നു. ഒന്നര വര്‍ഷത്തെ ചികിത്സയും ശുശ്രൂഷയും കൊണ്ട് കല്ലുവിന്റെ മാനസി കാവസ്ഥയില്‍ കാര്യമായ മാറ്റം തന്നെയുണ്ടായി. ചിരിക്കാനും കളിക്കാനും തുടങ്ങിയ കുട്ടിയെ നല്ലരീതിയിലേക്ക് കൊണ്ടുവരുന്നതിന് സിസ്റ്റര്‍ കഠിന പ്രയത്‌നം തന്നെ നടത്തുകയായിരുന്നു. ജുവനൈല്‍ കോടതി അധികൃതര്‍ നല്‍കിയ പേര് വെച്ചാണ് കുട്ടിമുസ്ലീമാണെന്ന നിഗമനത്തില്‍ സിസ്റ്റര്‍ ജൂലിയറ്റ് എത്തിയത്.
കിടപ്പില്‍ നിന്ന് കുറെയൊക്കെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും കിടന്നുകൊണ്ടുതന്നെ പന്തുരുട്ടുകയും ചെയ്തതോടെ കല്ലുവിന്റെ നിലയില്‍ പുരോഗതി വന്നു. പിന്നീട് കഫര്‍ണ്ണാമിന്റെ സ്‌പെഷ്യല്‍ സ്‌കൂളില്‍ കല്ലുവിനെ അയക്കാനും തുടങ്ങി. ഇതിനിടെയാണ് മാരകമായ ഹൃദ്രോഗവും ശ്വാസംമുട്ടും കല്ലുവിനെ ബാധിച്ചത്. തിങ്കളാഴ്ച രാത്രി ശ്വാസം മുട്ടല്‍ മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായ കല്ലുവിനെ സിസ്റ്റര്‍ ജൂലിയറ്റ് ഉടന്‍ തന്നെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. മുഹമ്മദ് കല്ലുവിന്റെ മൃതദേഹം എറണാകുളം തോട്ടത്തുംപ്പടി ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്തപ്പോള്‍ കുട്ടിയുടെ വേര്‍പാട് താങ്ങാനാവാതെ സിസ്റ്റര്‍ ജൂലിയറ്റ് പൊട്ടിക്കരയുകയായിരുന്നു.

Keywords: Obituary, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia