Obituary | ബിജെപി കാസർകോട് ജില്ലാ മുൻ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന എസ് കുമാർ അന്തരിച്ചു

● നാല് പതിറ്റാണ്ടുകാലം സാമൂഹ്യ പ്രവർത്തനം നടത്തി
● നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി
● മികച്ച സംഘാടകനായിരുന്നു
കാസർകോട്: (KasargodVartha) ബിജെപി കാസർകോട് ജില്ലാ മുൻ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന കുഡ്‌ലു കുത്യാലയിലെ എസ് കുമാർ (60) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ശാരീരിക ബുദ്ധിമുട്ടുകൾ വകവെക്കാതെ നാല് പതിറ്റാണ്ടുകാലം സമൂഹത്തിനായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു.
നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ കുമാർ മികച്ച സംഘാടകനായിരുന്നു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി, ബിജെപി കാസർകോട് നിയോജക മണ്ഡലം പ്രസിഡൻറ്, സംസ്ഥാന കൗൺസിൽ അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.
2010-15 കാലഘട്ടത്തിലാണ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗമായി രാംദാസ് നഗറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പരേതരായ നാരായണൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രപ്രഭ. മക്കൾ: ശ്യാംപ്രസാദ്, ഭവ്യ ലക്ഷ്മി.
'പ്രവർത്തകർക്ക് മുന്നിൽ നിന്ന് ആവേശം പകർന്ന നേതാവ്'
എസ് കുമാർ പ്രതികൂലമായ സാഹചര്യത്തിൽ നിർഭയമായി പ്രവർത്തകർക്ക് മുന്നിൽ നിന്ന് ആവേശം പകരുന്ന നേതൃഗുണമുള്ള നേതാവായിരുവെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് അനുസ്മരിച്ചു. നാലര പതിറ്റാണ്ടു കാലം കാസർകോട്ടെ രാഷ്ട്രീയ മണ്ഡലത്തിലെ നിറസാനിധ്യമായിരുന്നു കുമാർ.
ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരിന്നിട്ടും പാർട്ടിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തു. പ്രതിസന്ധി നേരിടുമ്പോൾ പാർട്ടിക്കൊപ്പം അടിയുറച്ച് നിന്ന മാതൃകാപരമായ നേതാവാണ്. എല്ലാ ദിവസവും ജില്ലാ ഓഫീസിൽ വന്നുപോകുന്നത് അദ്ദേഹത്തിൻ്റെ പാർട്ടിയോടുള്ള ആത്മാർത്ഥതക്ക് തെളിവാണ്. ബിജെപിക്കും ദേശീയ പ്രസ്ഥാനങ്ങൾക്കും മാത്രമല്ല ജില്ലയ്ക്ക് തന്നെ തീരാനഷ്ടമാണ് കുമാറിന്റെ നിര്യാണമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
#BJP, #Kerala, #Kasaragod, #RIP, #politics, #obituary