ബേക്കൽ മൗവ്വലിൽ 16കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഉപരിപഠന പ്രവേശനത്തിലെ ആശങ്ക അലട്ടിയിരുന്നതായി സൂചന
● പള്ളിക്കര തായൽ മൗവ്വലിലെ സീനത്ത് മൻസിലിൽ ഇസ്മാഈലിന്റെ മകൾ ഫാത്വിമത്ത് റിൻഷയാണ് മരിച്ചത്
● തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നിന്നും ഇത്തവണ പത്താം ക്ലാസ് പരീക്ഷ റിൻഷ പാസായിരുന്നു
● പ്ലസ് വൺ ആദ്യ രണ്ട് അലോട്ട്മെന്റുകളിലും സീറ്റ് ലഭിക്കാത്തതിൽ കുട്ടി കടുത്ത ആശങ്കയിലായിരുന്നുവെന്ന് ബന്ധുക്കൾ
● ബേക്കൽ എസ് ഐ അഖിൽ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി
ബേക്കൽ: (KasargodVartha) പള്ളിക്കര തയൽ മൗവ്വലിൽ 16കാരിയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തായൽ മൗവ്വലിലെ സീനത്ത് മൻസിലിൽ ഇസ്മാഈലിൻ്റെ മകൾ ഫാത്വിമത്ത് റിൻഷ ആണ് മരിച്ചത്.
ബന്ധുക്കളുടെ പരാതി
തിങ്കളാഴ്ച (22.06.2026) രാവിലെ വീട്ടുകാർ കിടപ്പുമുറിയിൽ ജനൽ കമ്പിയിൽ തുണി കെട്ടി തൂങ്ങിയ നിലയിൽ റിൻഷയെ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് വിവരം ബേക്കൽ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റും.
റിൻഷ തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നിന്ന് ഈ വർഷം പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ പ്ലസ് വൺ പ്രവേശനത്തിൻ്റെ ആദ്യ രണ്ട് അലോട്ട്മെൻ്റുകളിലും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അസ്വാഭാവിക മരണത്തിന് കേസ്
എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരമനുസരിച്ച്, ജൂൺ 22ന് പുലർച്ചെ 12 മണിക്കും രാവിലെ 8.10 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
ബേക്കൽ പൊലീസ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് ബേക്കൽ എസ് ഐ അഖിൽ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 ടെലിമാനസ്: 14416
കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A 16-year-old girl was found dead at her residence in Bekal, Kasaragod, with relatives suspecting she was distressed over not securing a Plus One admission.
#KasaragodNews #BekalNews #KeralaPolice #LocalNews #KeralaNews #StudentDeath #RenuNews






