പായസം ഉണ്ടാക്കാൻ സാധനങ്ങൾ വാങ്ങാൻ മാതാപിതാക്കൾ ടൗണിൽ പോയ തക്കം; 13 കാരനെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
● വീടിൻ്റെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
● അർബുദബാധ സംശയത്തെ തുടർന്ന് കുട്ടി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ
● ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ബദിയടുക്ക: (KasargodVartha) മാതാപിതാക്കളോട് പായസം ഉണ്ടാക്കി തരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ സാധനങ്ങൾ വാങ്ങാൻ ടൗണിൽ പോയതിന് പിന്നാലെ ഏഴാം ക്ലാസ് വിദ്യാർഥിയായ 13 കാരനെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
പെർളയ്ക്ക് സമീപം ബദ്രംപള്ളയിലാണ് സംഭവം. ബദിയടുക്ക, പെർള ബദ്രംപള്ളയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശികളായ പ്രകാശൻ–സുനിത ദമ്പതികളുടെ മകൻ ശ്രീഹരി (13) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ദാരുണ സംഭവം.
പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശികളായ പ്രകാശനും കുടുംബവും ബദ്രംപള്ളയിലെ അബ്ദുല്ലക്കുഞ്ഞിയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിങ് ജോലിക്കെത്തിയതായിരുന്നു. റബ്ബർ തോട്ടത്തിന് സമീപമുള്ള ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്. തനിക്ക് പായസം വെച്ചുതരണമെന്ന് ഞായറാഴ്ച രാവിലെ ശ്രീഹരി മാതാപിതാക്കളോട് പറഞ്ഞിരുന്നു.
അതിനുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഉച്ചയോടെ മാതാപിതാക്കൾ ടൗണിലേക്ക് പോയപ്പോൾ ശ്രീഹരിയും സഹോദരങ്ങളായ പ്രീതുവും നിഹാരികയും ക്വാർട്ടേഴ്സിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
മാതാപിതാക്കൾ പോയതിന് പിന്നാലെ തനിക്ക് ഉറങ്ങണമെന്ന് പറഞ്ഞ് മുറിക്കുള്ളിൽ പോയി കതകടച്ചു. മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ മകനെ അന്വേഷിച്ചു. ഉറങ്ങണമെന്ന് പറഞ്ഞ് മുറിയിൽ കയറി കതകടച്ചുവെന്ന് സഹോദരങ്ങൾ പറഞ്ഞു. വീടിൻ്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചത്. അപ്പോഴാണ് ശ്രീഹരിയെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ശ്രീഹരിയുടെ കഴുത്തിൽ ഏതാനും മുഴകൾ കണ്ടെത്തിയതിനാൽ ഡോക്ടറെ കണ്ട് ചികിത്സ നടത്തിയിരുന്നു. അർബുദമാണെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് കേട്ടതോടെ കുട്ടി മനോവിഷമത്തിലായിരുന്നുവെന്ന് പറയുന്നു. ബദിയടുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പെർള ബൺപത്തടുക്ക എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 ടെലിമാനസ്: 14416
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക.
Article Summary: A 13-year-old boy was found dead in a rented quarters in Badiyadka.
#KasaragodNews #Badiyadka #CrimeNews #KeralaNews #LocalNews #PoliceInvestigation #AparnaNews






