Tragedy | തിരുപ്പൂരില്‍ പടക്കനിര്‍മാണ വസ്തുക്കള്‍ സൂക്ഷിച്ച വീട്ടില്‍ സ്‌ഫോടനം; 9 മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം
● ചിതറിത്തെറിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.
● സ്ഫോടനത്തില്‍ വീടും പൂര്‍ണമായും തകര്‍ന്നു.
● സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
ചെന്നൈ: (KasargodVartha) തിരുപ്പൂരിലെ (Tiruppur) പാണ്ഡ്യന്‍ നഗറിലെ (Pandiyan Nagar) പൊന്നമ്മാള്‍ വീഥിയിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ പടക്ക നിര്‍മാണ സ്ഥാപനത്തിലെ (Fireworks) ജീവനക്കാരനും ഒരു പെണ്‍കുഞ്ഞും അജ്ഞാത സ്ത്രീയും മരിച്ചു. പടക്കനിര്‍മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. അനധികൃതമായി പടക്ക നിര്‍മാണത്തിനാണ് വീട് ഉപയോഗിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കണ്ണന്‍ എന്ന കുമാര്‍ (23), തിരിച്ചറിയാത്ത യുവതി, ഒമ്പത് മാസം പ്രായമുള്ള ആലിയാസ്രിന്‍ എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കണ്ണനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിതറിത്തെറിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇരുവരും പടക്കനിര്‍മാണത്തൊഴിലാളികളാണ്. സ്ഫോടനം നടന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലെ മുഹമ്മദ് ഹുസൈന്റെ കുഞ്ഞാണ് ആലിയാസ്രിന്‍. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീട്ടുടമ കാര്‍ത്തിയുടെ ബന്ധു ഈറോഡ് നമ്പിയൂരില്‍ പടക്കവില്‍പന നടത്തുന്ന ശരവണകുമാര്‍, ദീപാവലിയും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചതിനെത്തുടര്‍ന്ന് കാര്‍ത്തിയുടെ വീട്ടില്‍ പടക്കനിര്‍മാണം നടത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
#TiruppurExplosion #fireworkaccident #safetyfirst #illegalmanufacturing #tragedy #IndiaNews