Tiger Hunt | പിഞ്ചു ബാലനെ കൊന്നു തിന്ന പുലിയെ വേട്ടയാടാനായി 3 ആനകളുമായി 80 അംഗ വനപാലക സംഘം
ബംഗളൂരു: (www.kasargodvartha.com) നാഗറഹോളെ ദേശീയ പാർക്കിനടുത്ത് മെടികുപ്പെ വനമേഖലയിലെ കള്ളഹട്ടി ഗ്രാമത്തിൽ പിഞ്ചു ബാലനെ കടിച്ചു കൊന്ന പുലിയെ വേട്ടയാടാനായി മൂന്ന് ആനകളുമായി 80 അംഗ വനപാലക സംഘം. കൃഷ്ണ നായ്ക് -മഹാദേവിബായ് ദമ്പതികളുടെ മകനും സിദ്ധാപുരം ഗവ.സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയുമായ ചരൺ നായ്കാണ് കൊല്ലപ്പെട്ടത്.
പിതാവിന്റെയും മാതാവിന്റെയും കൂടെ കൃഷിത്തോട്ടത്തിൽ പോയപ്പോഴാണ് കുട്ടി അക്രമത്തിനിരയായത്. മകനെ മരത്തണലിൽ നിറുത്തി പച്ചമുളക് പറിക്കാൻ പാടത്തിറങ്ങിയ ദമ്പതികൾ ഉച്ചയോടെ തിരിച്ചു വന്നപ്പോൾ കുട്ടിയെ പുലി കടിച്ചെടുത്ത് ഓടുന്നതാണ് കണ്ടത്. അലമുറയിട്ട് ആളുകളെ കൂട്ടി പുലിയെ ഓടിച്ചെങ്കിലും കൊന്നു തിന്നതിന്റെ ബാക്കി മൃതദേഹമാണ് കണ്ടെത്താനായത്. ഇതിനെത്തുടർന്ന് നാട്ടുകാർ വനപാലകർക്ക് എതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിന്റെ ഫലമാണ് പുലി വേട്ട ദൗത്യം.
ദസറക്കായി മെരുക്കിയ അർജ്ജുന, അശ്വത്ഥാമാ, മഹാരാഷ്ട്ര ഭീമ എന്നീ ആനകളാണ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഹർഷകുമാർ ചിക്കനരഗുണ്ട, ചീഫ് കൺസർവേറ്റർ കുമാർ പുഷ്കർ എന്നിവർ നയിക്കുന്ന ദൗത്യസംഘത്തിലുള്ളത്.
Keywords: News, Malayalam News, Mangalore News, National News, Tiger Hunt, 80-member forest guard team with 3 elephants to catch tiger that killed boy.