Tragedy | ഫിറോസാബാദില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 4 പേര്‍ക്ക് ദാരുണാന്ത്യം; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേർ കുടുങ്ങിയെന്ന് സംശയം
● നിരവധി സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു.
● എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.
ലക്‌നൗ: (KasargodVartha) ഫിറോസാബാദിലെ നൗഷാരയില്‍ (Firozabad, Naushera) പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊട്ടിത്തെറിക്ക് പിന്നാലെ തിങ്കളാഴ്ച രാത്രി കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പടക്കനിര്‍മാണ ശാലയാണെന്ന് തിരിച്ചറിയുന്നത്.
സ്‌ഫോടനത്തില്‍ ഒരു വീട് തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങളുടെ ഇടയില്‍നിന്ന് 10 പേരെ പൊലീസ് പുറത്തെടുത്തു. ഇവരിലുള്‍പ്പെട്ട നാലു പേരാണ് മരിച്ചത്. ബാക്കിയുള്ള ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുപേരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് അറിഞ്ഞതോടെ പത്തുപേരെയും പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെന്നും ഇതില്‍ നാലുപേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കൂടുതല്‍ ആളുകള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ആഗ്ര റേഞ്ച് ഐജി ദീപക് കുമാര്‍ (Agra Range IG Deepak Kumar) പറഞ്ഞു. വീട്ടിനുള്ളിലാണ് പടക്ക നിര്‍മ്മാണം നടത്തിവന്നിരുന്നത്. നിരവധി സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. എന്നാല്‍ എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. ഇതിന് നിയമപരമായി രേഖകളുണ്ടോ എന്നതുള്‍പ്പെടെ വ്യക്തമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
#FirozabadExplosion #India #Accident #Tragedy #Safety #Fireworks