Students Died | ഡെല്‍ഹിയില്‍ കോചിങ് സെന്ററില്‍ വെള്ളപ്പൊക്കം; 3 വിദ്യാര്‍ഥികള്‍ മരിച്ചു
ഡെല്‍ഹിയില്‍ കോചിങ് സെന്ററില്‍ വെള്ളപ്പൊക്കം.
3 വിദ്യാര്‍ഥികള്‍ മരിച്ചു.
ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
ന്യൂഡെല്‍ഹി: (KasargodVartha) കനത്ത മഴയെ തുടര്‍ന്ന് ഡെല്‍ഹിയില്‍ ഓള്‍ഡ് രാജീന്ദ്ര നഗറിലെ (Rajendra Nagar) ഒരു സിവില്‍ സര്‍വീസ് കോചിങ് സെന്ററില്‍ (Civil Service Coaching Center) വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച (27.07.2024)രാത്രിയാണ് ദുരന്തം ഉണ്ടായത്. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ്.
കനത്ത മഴയെ തുടര്‍ന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് ഒഴുകിയെത്തുകയായിരുന്നു. തറനിരപ്പ് മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ഇവിടെ പഠിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ഇതില്‍ കുടുങ്ങിയത്. ദേശീയ ദുരന്തനിവാരണ സേന (National Disaster Response Force) അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നു. സംഭവത്തെ തുടര്‍ന്ന് കോചിങ് സെന്ററിന് മുന്നില്‍ മറ്റ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
മൃതദേഹങ്ങള്‍ കൂടുതല്‍ നിയമനടപടികള്‍ക്കായി ആശുപത്രിയിലേക്ക് അയച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ബേസ്‌മെന്റില്‍ ഇപ്പോഴും ഏഴ് അടിയോളം വെള്ളമുണ്ടെന്നും ഇവിടേക്ക് അനുമതിയില്ലാതെ പ്രവേശിക്കരുതെന്ന് വിദ്യാര്‍ഥികളോട് അഭ്യര്‍ഥിക്കുന്നുവെന്നും ഡെപ്യൂടി പൊലീസ് കമീഷണര്‍ (സെന്‍ട്രല്‍ ഡെല്‍ഹി) എം ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
ബേസ്മെന്റില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഡെല്‍ഹി അഗ്‌നിശമനസേനാ മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. നേരത്തെ, മൂന്ന് വിദ്യാര്‍ഥികള്‍ മാത്രമാണ് കുടുങ്ങിയതെന്നും 30 പേര്‍ വെള്ളത്തിനടിയില്‍ നിന്ന് രക്ഷപ്പെട്ടതായും റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ്, വെസ്റ്റ് ഡെല്‍ഹിയിലെ പട്ടേല്‍ നഗറിലെ വെള്ളക്കെട്ടുള്ള തെരുവ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ യുപിഎസ്സി ഉദ്യോഗാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു.
അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലം ഡെല്‍ഹിയില്‍ കനത്ത മഴയുടെ സാധ്യത വര്‍ധിച്ചിട്ടുണ്ട്. ശക്തമായ മഴയാണ് ഈ ദുരന്തത്തിന് പ്രധാന കാരണം. കൂടാതെ ഡെല്‍ഹിയിലെ അമിതമായ നഗരവല്‍ക്കരണവും അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും മൂലം വെള്ളം ഒഴുകിമാറാനുള്ള സ്ഥലം കുറഞ്ഞിരിക്കുന്നു. ഇത് വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. നഗരത്തിലെ ഓടകളും തോടുകളും ശരിയായി പരിപാലിക്കാത്തത് മൂലം വെള്ളം ഒഴുകിമാറാന്‍ വഴിയില്ലാത്തതിനാല്‍ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്യുന്നു. നഗരത്തിലെ തോടുകള്‍ ശുചിയാക്കുകയും വികസിപ്പിക്കുകയും ചെയ്താല്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനൊരു പരിഹാരമാകും.