13 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷിക്കണമെന്ന് ആവശ്യം
Sep 9, 2021, 17:56 IST
മേൽപറമ്പ്: (www.kasargodvartha.com 09.09.2021) 13 കാരിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മേൽപറമ്പിലെ സയ്യിദ് മന്‍സൂര്‍ - ശാഹിന ദമ്പതികളുടെ മകൾ സഫ ഫാത്വിമയാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇളയകുട്ടിയെ ശൗചാലയത്തിൽ കൊണ്ടുപോകുന്നതിന് മാതാവ് എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.
എട്ടാം ക്ലാസ് വിദ്യാർഥിനിയായ സഫ ഫാത്വിമ സ്‌കൂളിലെ അധ്യാപകനുമായി സാമൂഹ്യ മാധ്യമത്തിലൂടെ ചാറ്റ് ചെയ്തിരുന്നതായി പറയുന്നു. ചാറ്റിങ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പെടുകയും വിലക്കുകയും സ്‌കൂൾ പ്രിൻസിപലിനെ കണ്ട് അധ്യാപകനെതിരെ പരാതി പറയുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ പേരിൽ പെൺകുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേൽപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ പൊലീസ് വീട്ടിലെത്തി രക്ഷിതാക്കളുടെ മൊഴിയെടുക്കുകയും ചെയ്‌തു.
മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ഓൺലൈൻ പഠനത്തിന്റെ മറവിൽ വിദ്യാർഥിനിയെ നിരന്തരം പ്രലോഭിപ്പിച്ച് തെറ്റായ രീതിയിലേക്ക് കൊണ്ട് പോവുകയാണ് അധ്യാപകൻ ചെയ്‌തതെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവ ദിവസം രാത്രി വിദ്യാർഥിനിയെ അധ്യാപകൻ വിളിച്ച് ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തതാണ് വിദ്യാർഥിനിയുടെ മാനസികാവസ്ഥ തകരാൻ കാരണമെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം വിഷയം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ അധ്യാപകനെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും നിയമപരമായ നടപടികൾക്ക് കുടുംബത്തിനും അധികൃതർക്കും മുഴുവൻ സഹായവും നൽകുമെന്നും സ്‌കൂൾ മാനജ്‌മെന്റ് അറിയിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകൾ നീക്കണമെന്ന് ഡി വൈ എഫ് ഐ ബ്ലോക് പ്രസിഡന്റ് വൈശാഖ് ബി, കളനാട് മേഖല പ്രസിസന്റ് ഹബീബ് മാണി, സെക്രടറി ശ്രീജിത് എം എസ്, ട്രഷറർ മീന കൊക്കാൽ, സുധീഷൻ ഉലൂജി എന്നിവർ ആവശ്യപ്പെട്ടു.
വിദ്യാർഥിനിയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി അധ്യാപകനെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ് ഡി പി ഐ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ ശിഹാബ് കടവത്ത്, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അർശാദ് പാലിച്ചിയടുക്കം, സെക്രടറി അക്ബർ കടവത്ത് എന്നിവർ ആവശ്യപ്പെട്ടു.
Keywords: Melparamba, Kasaragod, Kerala, News, Death, Obituary, Top-Headlines, School, Police, Investigation, Parents, Teacher, Chemnad, 13-year-old girl found dead.