Protest | മുഖ്യമന്ത്രിയും സിപിഎമ്മും സഞ്ചരിക്കുന്നത് സംഘ്പരിവാർ വഴിയിലൂടെയെന്ന് എൻ എ നെല്ലിക്കുന്ന്; ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി യൂത്ത് ലീഗ്
● 'കേരളത്തെയും ആഭ്യന്തര വകുപ്പിനെയും ആർഎസ്എസിന് അടിയറവ് വെച്ചു'
● ബാരിക്കേഡ് വെച്ച് പൊലീസ് പ്രവർത്തകരെ തടഞ്ഞു
കാസർകോട്: (KasargodVartha) ആഭ്യന്തര വകുപ്പ് മാഫിയാ സംഘങ്ങളുടെ കൂടാരമായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ പിടിക്കപ്പെട്ട ഹവാല പണം പൂർണമായും കോടതിയ ഏൽപിക്കാതെ പൊലീസ് പണം മുക്കിയെന്ന ഗുരുതര ആരോപണം മാർച്ച് ഉദ്ഘാടനം ചെയ്ത് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉന്നയിച്ചു.
മലപ്പുറം ജില്ലയെ വർഗീയ വാദികളുടെ കേന്ദ്രമാക്കി ചിത്രീകരിച്ച് ആർഎസ്എസ് അജണ്ടക്ക് കുട പിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും സഞ്ചരിക്കുന്നത് സംഘ് പരിവാർ വഴിയിലൂടെയാണ്. ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നൽകാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തിനാണ് ഒരു പിആർ ഏജൻസിയുടെ ആവശ്യം. കേരളത്തെയും ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി ആർഎസ്എസിന് അടിയറവ് വെച്ചിരിക്കുകയാണെന്നും എൻഎ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചു.
ഉളിയത്തടുക്ക ജംഗ്ഷനിൽ നിന്നും നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ വന്ന മാർച്ച് ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുമ്പിൽ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. മാർച്ച് അവസാനിച്ചതിന് ശേഷവും പ്രവർത്തകർ പിരിഞ്ഞ് പോകാൻ കൂട്ടാക്കാതെ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചു മുസ്ലിം ലീഗ് നേതാക്കളും പൊലീസും ഇടപെട്ടാണ് പ്രവർത്തകരെ മാറ്റിയത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. എ.കെ.എം. അഷ്‌റഫ് എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‌ലിയ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എം. മുനീർ ഹാജി, സെക്രട്ടറി ഹാരിസ് ചുരി, ടി.ഡി. കബീർ, യുസുഫ് ഉളുവാർ, എം.ബി. ഷാനവാസ്, ടി.എം. ഇഖ്‌ബാൽ, മുത്തലിബ് പാറക്കെട്ട്, എം.എ. നജീബ്, എ. മുഖ്താർ, ഹാരിസ് തായൽ, ശംസുദ്ദീൻ അവിയിൽ, റഹ്‌മാൻ ഗോർഡൻ, നൂറുദ്ദീൻ ബെളിഞ്ചം, എം.പി. നൗഷാദ്, ഹാരിസ് അങ്കകളരി, ബി.എം. മുസ്തഫ, സിദ്ധീഖ് സന്തോഷ് നഗർ, റഊഫ് ബാവിക്കര, നദീർ കൊത്തിക്കാൽ, സിദീഖ് ദണ്ഡഗോളി, ഹാരിസ് ബെദിരെ, ഖാദർ ആലൂർ, റമീസ് ആറങ്ങാടി, വി.പി.പി. ശുഹൈബ്, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, ത്വാഹ ചേരൂർ എന്നിവർ സംസാരിച്ചു.
#KeralaPolitics, #YouthLeague, #Protests, #RSS, #NANellikkunnu, #PoliticalAllegations