Complaint | ഉദ്യോഗസ്ഥൻ കള്ളവോടിന് കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് യുവാവ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി; ഓഡിയോ പുറത്ത്; സംഭവം ഇരട്ട വോടിൽ ഒന്ന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടതിന് പിന്നാലെ
* ഇരട്ട വോട് കണ്ടെത്തിയതിനെ തുടർന്ന് യുവാവ് താലൂക് ഓഫീസിലും വിലേജ് ഓഫീസിലും വിവരം അറിയിച്ചിരുന്നു
കാസർകോട്: (KasaragodVartha) തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കള്ളവോടിന് കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് യുവാവ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സമൂഹത്തിൽ നടക്കുന്ന തിന്മകളെ എതിർക്കുന്നതിന് മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സംസ്ഥാന അംഗീകാരം ലഭിച്ച ചീമേനി ചെമ്പ്രക്കാനത്തെ എം വി ശിൽപരാജ് ആണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും വിജിലൻസ് ഡയറക്ടർക്കും ഇന്റലിജൻസ് എഡിജിപിക്കും വിജിലൻസ് ഡിവൈഎസ്പിക്കും പരാതി നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഡ്യൂടിയിലുള്ള ഫീൽഡ് ഓഫീസർ എം രവി ആണ് ഇടതുപക്ഷത്തിന് വേണ്ടി തിരഞ്ഞെടുപ്പ് ക്രമക്കേടിന് കൂട്ടുനിൽക്കുന്നതെന്നാണ് യുവാവിന്റെ പരാതി. ഇരട്ട വോട് കണ്ടെത്തിയതിനെ തുടർന്ന് യുവാവ് താലൂക് ഓഫീസിലും വിലേജ് ഓഫീസിലും വിവരം അറിയിച്ചിരുന്നു. ഇതോടെയാണ് ഫീൽഡ് ഓഫീസർ എം രവി അന്വേഷണത്തിന് എത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ റെകോർഡ് ചെയ്ത ഓഡിയോയിൽ ഇടതുപക്ഷത്തിന് രണ്ട് വോട് കിട്ടിക്കോട്ടേയെന്ന് ഉദ്യോഗസ്ഥർ പറയുന്നത് കേൾക്കാമെന്ന് യുവാവ് വ്യക്തമാക്കുന്നു.
ഇത്തരത്തിൽ അഞ്ചോളം ഇരട വോട് കേസുകൾ ഉണ്ടെന്ന് ഓഡിയോയിൽ പറയുന്നത് കേൾക്കാം. ഇരട്ടവോട് കണ്ടെത്തിയാൽ അത് നീക്കം ചെയ്യാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനാണ് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ വോടെടുപ്പിന് തുരങ്കം വെക്കുന്നതെന്നാണ് യുവാവ് പരാതിയിൽ കുറ്റപ്പെടുത്തുന്നത്. ഡബ്ല്യു പി സി 0810366, ഡബ്ല്യു പി സി 9988643 എന്നിങ്ങനെയാണ് രണ്ട് വോടർ ഐഡി നമ്പർ വോടർ ലിസ്റ്റിൽ കണ്ടെത്തിയത്. ഇത് നീക്കം ചെയ്യാൻ അങ്ങോട്ട് പറഞ്ഞപ്പോഴാണ് ഇതൊന്നും വലിയ കാര്യമല്ലെന്ന രീതിയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചിരിക്കുന്നതെന്നാണ് ശിൽപരാജിന്റെ ആക്ഷേപം.