Accident | തിരുവോണ ദിനത്തിൽ ദാരുണ അപകടം; സ്‌കൂടറും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം
● നെല്ലിയടുക്കത്താണ് അപകടം സംഭവിച്ചത്.
● കോട്ടിക്കുളം വെടിത്തിറക്കാലിലെ സിദ്ധാർഥ് ആണ് മരിച്ചത്.
ബേക്കൽ: (KasargodVartha) തിരുവോണ നാളിൽ സ്‌കൂടറും കാറും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. കോട്ടിക്കുളം വെടിത്തിറക്കാലിലെ സിദ്ധാർഥ് (23) ആണ് മരിച്ചത്. സുഹൃത്ത് വൈഷ്ണവിനാണ് പരുക്കേറ്റത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ നെല്ലിയടുക്കത്ത് വെച്ചായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച സ്കൂടറിന് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇരുവരെയും ഉടൻ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ധാർഥിന്റെ ജീവൻ രക്ഷിക്കാനായില്ല.
യുവാവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഗുരുതരമായി പരുക്കേറ്റ വൈഷ്ണവിനെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മലയാളികൾ ഓണം ആഘോഷിക്കുന്നതിനിടയിലെത്തിയ ദുരന്തവാർത്ത ഏവരെയും ദുഃഖത്തിലാഴ്ത്തി.