Accident | ദേശീയപാതയിൽ ബൈകുകൾ കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
ദേശീയപാതയിൽ അപകടം തുടർക്കഥയാകുന്നു
ചട്ടഞ്ചാൽ: (KasaragodVartha) ദേശീയപാതയിൽ അപകടം തുടർക്കഥയാകുന്നു. ബൈകുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ബെണ്ടിച്ചാൽ തായൽ ഹൗസിലെ അബ്ദുൽ ഗഫൂർ - സഫിയ ദമ്പതികളുടെ മകൻ തസ്‌ലീം (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തെക്കിലിലെ ശഫീഖിനും, മറ്റൊരു ബൈകിൽ ഉണ്ടായിരുന്ന കുന്നാലയിലെ അശ്ഫാദിനും പരുക്കേറ്റു.
ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാലിൽ ട്രഷറിക്ക് മുൻവശം ദേശീയപാതയിൽ സർവീസ് റോഡിലാണ് സംഭവം. ചട്ടഞ്ചാൽ ടൗൺ ഭാഗത്ത് നിന്നും ചട്ടഞ്ചാൽ സ്കൂൾ ഭാഗത്തേക്ക് പോവുകയായിരുന്ന തസ്‌ലീമും ശഫീഖും സഞ്ചരിച്ച കെ എൽ 14 എൻ 5135 നമ്പർ ബൈകും, KL 14 എ ഇ 2462 നമ്പർ ഇരുചക്ര വാഹനവുമാണ് അപകടത്തിൽപ്പെട്ടത്.
യുവാക്കൾ സഞ്ചരിച്ച രണ്ട് ബൈകുകൾ ഉഗ്രശബ്ദത്തിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗ്ളൂറിലെ മെഡികൽ വിദ്യാർഥിയാണ് തസ്ലിം. ഫാത്വിമത് തൗറ സഹോദരിയാണ്. പരുക്കേറ്റവർ മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.