Identified | കളനാട് റെയിൽവേ സ്‌റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
* യുവാവ് വന്ന ബൈക് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി
മേൽപ്പറമ്പ്: (KasaragodVartha) കളനാട് റെയിൽവേ സ്‌റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. നിർമാണ തൊഴിലാളിയായ അരമങ്ങാനം ഉലൂജിയിലെ അനിൽ കുമാർ (40) ആണ് മരിച്ചത്. കളനാട് റെയിൽവേ സ്റ്റേഷന് 200 മീറ്ററോളം തെക്ക് ഭാഗത്ത് പാളത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മംഗ്ളുറു - കോയമ്പത്തർ ഇന്റർസിറ്റി എക്സ്പ്രസ് തുടർച്ചയായി ഹോൺ മുഴക്കിയിരുന്നുവെങ്കിലും പാളത്തിൽ കിടന്ന യുവാവ് മാറിയില്ലെന്ന് വിവരം. തുടർന്ന് കാസർകോട് റെയിൽവെ പൊലീസിനെ ലോകോ പൈലറ്റ് വിവരമറിയിച്ചു. റെയിൽവെ പൊലീസ് ആണ് മേൽപറമ്പ് പൊലീസിലും നാട്ടുകാരെയും വിവരമറിയിച്ചത്. നാട്ടുകാർ എത്തിയപ്പോൾ തലയും കാലും വേർപെട്ട മൃതദേഹം ട്രാകിൽ കിടക്കുകയായിരുന്നു.
പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ രാജധാനി എക്സ്പ്രസ് കടന്നു വന്നപ്പോൾ പൊലീസ് നിർദേശപ്രകാരം പൊതുപ്രവർത്തകൻ സ്വാലിഹ് കീഴൂരും നാട്ടുകാരും ട്രെയിൻ സിഗ്നൽ നൽകി നിർത്തിച്ചു. പിന്നീട് മൃതദേഹം പെട്ടന്ന് പാളത്തിൽ നിന്നും പുറത്തേക്ക് മാറ്റി ട്രെയിൻ കടത്തിവിട്ടു. യുവാവ് വന്ന ബൈക് കളനാട് റെയിൽവെ സ്‌റ്റേഷന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
പരേതരായ ചന്ദ്രപ്പ - ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ശാശ്വത്, ശിവാനി. സഹോദരങ്ങൾ: ഉമേഷ് റാവു, ഉദയകുമാർ, ബേബി, വീണാ റാണി (ചെമനാട് പഞ്ചായത് 14-ാം വാർഡ് മെമ്പർ). മേൽപറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വെള്ളിയാഴ്ച രാവിലെ കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.