Milestone | എയിംസിൽ നടന്ന അപൂർവ ശ്വാസകോശ ശസ്ത്രക്രിയയിൽ തിളങ്ങി കാസർകോട്ടെ യുവഡോക്ടർ മുഹമ്മദ് ഫിർനാസ്; 16 മാസം പ്രായമുള്ള പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു

● ശസ്ത്രക്രിയ നടന്നത് ജോധ്പൂർ എയിംസിൽ
● നീമാൻ-പിക്ക് ടൈപ്പ് സി1 എന്ന അപൂർവ രോഗമാണ് ബാധിച്ചത്
● ഒമ്പത് മണിക്കൂർ നീണ്ട ശസ്ത്രക്രിയ
കാസർകോട്: (KasargodVartha) അപൂർവമായ ശ്വാസകോശ ശസ്ത്രക്രിയയിൽ തിളങ്ങി കാസർകോട് സ്വദേശിയായ യുവ ഡോക്ടർ മുഹമ്മദ് ഫിർനാസ്. ജോധ്പൂർ എയിംസിൽ നടന്ന സങ്കീർണ ശസ്ത്രക്രിയയിലാണ് ചെമ്പിരിക്ക സ്വദേശിയായ ഡോക്ടർ ഫിർനാസ് ഉൾപ്പെട്ട ഡോക്ടർമാരുടെ സംഘം 16 മാസം പ്രായമുള്ള പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്.
നീമാൻ-പിക്ക് ടൈപ്പ് സി1 എന്ന അപൂർവ ജനിതക രോഗമാണ് പെൺകുട്ടിയെ ബാധിച്ചത്. ഈ രോഗത്തിൽ ശ്വാസകോശം, കരൾ, മസ്തിഷ്കം തുടങ്ങിയ പ്രധാന അവയവങ്ങളിൽ ഒരുതരം കൊഴുപ്പ് (ലിപ്പോപ്രോട്ടീൻ) അടിഞ്ഞുകൂടും. ഈ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കാരണം, ശ്വാസകോശം നന്നായി പ്രവർത്തിക്കില്ല. ഇത് ശ്വാസം മുട്ടൽ, ശ്വാസതടസം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. രോഗബാധിതയായ പെൺകുട്ടി ശ്വസിക്കാൻ കഴിയാത്തതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു.
ഡോക്ടർമാരുടെ സംഘം ഒമ്പത് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ശ്വാസകോശത്തെ സലൈൻ ലായനി (ഉപ്പുകലർന്ന വെള്ളം) ഉപയോഗിച്ച് വൃത്തിയാക്കി. ഈ പ്രക്രിയയെ ഹോൾ ലംഗ് ലവാജ് എന്ന് വിളിക്കുന്നു. ഇത് ഇന്ത്യയിൽ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ചെയ്യുന്നുള്ളൂ. ശസ്ത്രക്രിയ വിജയകരമായിരുന്നു. കുട്ടിക്ക് ശ്വാസം എടുക്കാനും കഴിഞ്ഞു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ കുട്ടി ഇപ്പോൾ ആരോഗ്യവതിയാണ്.
एक नई जिंदगी की श्वांस!
— AIIMS Jodhpur (@aiims_jodhpur) October 26, 2024
एम्स जोधपुर की बाल पल्मोनोलॉजी टीम ने दुर्लभ बीमारी Niemann-Pick टाइप C1 से पीड़ित 16 महीने की बच्ची पर राजस्थान का पहला Whole Lung Lavage कर ऐतिहासिक सफलता हासिल की है।
इस उपचार ने ना केवल बच्ची के फेफड़ों की कार्यक्षमता बहाल की, बल्कि एम्स जोधपुर को… pic.twitter.com/nkqy9Ugngz
ഡോ. ഫിർനാസിനെ കൂടാതെ ഡോ. ജഗദീഷ് ഗോയൽ, പ്രവീൺ കുമാർ, റസിഡൻ്റ് ഡോക്ടർ ഡോ. കല്യാൺ, ഡോ. സത്യ, ഡോ. സ്നേഹ, ഡോ. മഹേഷ്, ഡോ. വൈഷ്ണവി, ഡോ. രേവതി, ഡോ. ആദർശ് എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് ഈ സങ്കീർണ ശസ്ത്രക്രിയ നടത്തിയത്.
ഹയർ സെകൻഡറി സ്കൂൾ അധ്യാപകനായ മജീദ് ചെമ്പിരിക്ക - മിസ്‌രിയ ദമ്പതികളുടെ മകനായ ഡോ. ഫിർനാസ്, ഡൽഹി എയിംസിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി ഇപ്പോൾ ജോധ്പൂരിൽ എംഡി പീഡിയാട്രിക്സ് വിദ്യാർഥിയാണ്. ഭാര്യ ഡോ. ശെറിൻ ശഹാന ഇവിടെ തന്നെ എംഡി ഗൈനകോളജി ചെയ്യുന്നു. ഫിർനാസിന്റെ അനുജൻ അജ്‌സൽ രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌വെയർ ഡിസൈൻ സ്ഥാപനങ്ങളിലൊന്നായ ചെന്നൈയിലെ എഫ്‌ഡിഡിയിൽ നിന്ന് ബി.ഡെസ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.
ഈ അപൂർവ ശസ്ത്രക്രിയയിലൂടെ മകൻ അടക്കമുള്ള ഡോക്ടർമാരുടെ സംഘം രാജ്യത്തിന് മുഴുവൻ അഭിമാനമായതിൽ ഏറെ സന്തോഷമുണ്ടെന്ന് പിതാവ് മജീദ് ചെമ്പിരിക്ക കാസർകോട് വാർത്തയോട് പറഞ്ഞു. ഈ ചികിത്സ പെൺകുട്ടിയുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ചതോടൊപ്പം, അപൂർവ ശിശുരോഗങ്ങളുടെ ചികിത്സയിൽ എയിംസ് ജോധ്പൂർ ഒരു മികവിന്റെ കേന്ദ്രമാണെന്നും തെളിയിച്ചുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
#medicalbreakthrough #raredisease #pediatricsurgery #lungdisease #india #aiimsjodhpur #kasaragod