Accident | ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുക്കുകയായിരുന്ന ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചെറുവത്തൂർ: (KasaragodVartha) ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുക്കുകയായിരുന്ന ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫൗസിയ (53) ആണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൽപക ബസാണ് അപകടം വരുത്തിയത്.
ചീമേനിയിൽ വിവാഹിതയായ മകളുടെ ഭർത്താവ് ഹുസൈൻ സഖാഫിയുടെ വീട്ടിലേക്ക് പോവാനായി കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുവന്ന ബസിറങ്ങി ചീമേനി ഭാഗത്തേക്ക് പോവുന്ന ബസിൽ മാറിക്കയറാനായി ശ്രമികുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പിറകോട്ടെടുത്ത ബസ് ഫൗസിയയുടെ കാലിൽ കയറുകയായിരുന്നു.
തുടയെല്ല് പൊട്ടി ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ ആദ്യം ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മാവുങ്കൽ സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരന്റെ എട്ട് വയസുള്ള മകളാണ് ഒപ്പമുണ്ടായിരുന്നത്.
പരേതനായ അബ്ദുല്ല ഹാജി - ഫാത്വിമ ദമ്പതികളുടെ മകളാണ് ഫൗസിയ. മക്കൾ: ഫാഇസ, ഫർഹാന. മരുമക്കൾ: ഹുസൈൻ സഖാഫി, ശാഖിർ ബാഖവി. സഹോദരങ്ങൾ: മുഹമ്മദ് ഖലീൽ, സൗദ ബീവി, പരേതനായ നിസാമുദ്ദീൻ. പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ഒഴിഞ്ഞവളപ്പ് അൽഫലാഹ് മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.