Liver Cancer | ഈ 10 ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ കരള്‍ കാന്‍സറിനെ തുടക്കത്തില്‍ തന്നെ കണ്ടെത്താം
ന്യൂഡെൽഹി: (KasargodVartha) മോശം ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും കാരണം, കരൾ കാൻസർ കേസുകൾ ഇന്ത്യയിൽ തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് എന്നിവ കാരണം വിട്ടുമാറാത്ത കരൾ അണുബാധയ്ക്കുള്ള സാധ്യതയും കൂടിയിട്ടുണ്ട്. ഈ അണുബാധ പിന്നീട് കരൾ കാൻസറിലേക്ക് നയിച്ചേക്കാം. കരൾ കോശങ്ങളിൽ ഉണ്ടാകുന്ന ഒരു തരം അർബുദമാണ് കരൾ കാൻസർ. ഹെപ്പറ്റോമ എന്നും ഇത് അറിയപ്പെടുന്നു. മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ള ഗുരുതരമായ അവസ്ഥയാണിത്. അതിനാൽ കരൾ കാൻസറിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നുള്ളത് പ്രധാനമാണ്.
കരൾ കാൻസറിൻ്റെ 10 പ്രാരംഭ ലക്ഷണങ്ങൾ:
1. വയറിൻ്റെ വലതുഭാഗത്ത് വേദന
വയറിൻ്റെ വലതുഭാഗത്തെ വേദന ഒരു സാധാരണ ലക്ഷണമാണ്. ചിലപ്പോൾ അടിവയറ്റിലും ഇത് അനുഭവപ്പെടാം. പലപ്പോഴും ആളുകൾ ഇത് ഗ്യാസ് വേദനയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അതിൻ്റെ ഗൗരവം മനസിലാക്കേണ്ടത് പ്രധാനമാണ്.
2. വയറ്റിൽ മുഴ
കരൾ കാൻസർ സമയത്ത് നിങ്ങൾക്ക് വയറ്റിൽ ഒരു മുഴ അനുഭവപ്പെടാം. പ്രത്യേകിച്ച് വയറിൻ്റെ വലതുഭാഗത്ത്. നിങ്ങൾ അത് അമിതവണ്ണമായി കണക്കാക്കരുത്. എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചാൽ ഡോക്ടറെ സമീപിക്കുക.
3. വലതു തോളിൽ വേദന
നിങ്ങളുടെ വലതു തോളിൽ വേദനയുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് കരൾ കാൻസറിൻ്റെ ലക്ഷണമാകാം. ട്യൂമർ കാരണം വലത് ഡയഫ്രത്തിൽ സമ്മർദമുണ്ടാകുന്നു, അതുകൊണ്ടാണ് ഈ വേദന ഉണ്ടാകുന്നത്. പലപ്പോഴും ആളുകൾ ഇത് സാധാരണ വേദനയായി കണക്കാക്കുന്നു, പക്ഷേ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
4. മഞ്ഞപ്പിത്തം
ചർമ്മവും കണ്ണും മഞ്ഞനിറമാകുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. കരൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിൻ്റെ സൂചനയാണിത്. ചിലപ്പോൾ മൂത്രം വളരെ കടും മഞ്ഞയോ കറുപ്പോ നിറത്തിൽ വരുന്നു, അതിൽ രക്തവും അടങ്ങിയിരിക്കും. ഉയർന്ന അളവിലുള്ള ബിലിറൂബിൻ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇതെല്ലാം കരൾ കാൻസറിൻ്റെയോ ട്യൂമറിൻ്റെയോ ലക്ഷണങ്ങളാണ്.
5. ചൊറിച്ചിൽ
കരൾ കാൻസറിൻ്റെ ലക്ഷണങ്ങളിലൊന്നാണ് ചൊറിച്ചിൽ. പിത്തരസം കുഴലിലെ തടസം മൂലം കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസം രക്തചംക്രമണത്തിലേക്ക് വ്യാപിക്കുന്നു. അതുകൊണ്ടാണ് ചൊറിച്ചിൽ ആരംഭിക്കുന്നത്.
6. പെട്ടെന്ന് ശരീരഭാരം കുറയൽ
ഒരു ശ്രമവുമില്ലാതെ നിങ്ങളുടെ ഭാരം പെട്ടെന്ന് കുറയുകയാണെങ്കിൽ ശ്രദ്ധിക്കണം. കരളിലെ കാൻസർ കാരണം ഇത് സംഭവിക്കാം. ട്യൂമർ കോശങ്ങൾ എൻസൈമുകൾ ഉത്പാദിപ്പിക്കുന്നു, ഇത് വിശപ്പ് കുറയുന്നതിന് കാരണമാകുന്നു. പലപ്പോഴും ഭക്ഷണത്തിന് രുചി ഇല്ലാതിരിക്കുകയും ബലഹീനത അനുഭവപ്പെടുകയും ചെയ്യാം.
7. ഓക്കാനം
കരൾ ട്യൂമർ വലുതാകുമ്പോൾ ആമാശയത്തിന് ചുറ്റുമുള്ള അവയവങ്ങളിൽ സമ്മർദം ചെലുത്തുന്നു. കാൻസർ ഇടത് ഭാഗത്താണ് എങ്കിൽ, അത് വീക്കം കൂടാതെ ഓക്കാനം, ഛർദി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും.
8. ശ്വാസതടസം
ചിലപ്പോൾ കരൾ കാൻസർ ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഡയഫ്രത്തിൻ്റെ പ്രവർത്തനങ്ങളുടെ തടസ്സം മൂലമാണ് ഇത് സംഭവിക്കുന്നത്. കരളിൻ്റെ വലതുഭാഗത്ത് അർബുദം ഉണ്ടാകുമ്പോൾ, ശ്വാസകോശത്തിന് ചുറ്റും ദ്രാവകം അടിഞ്ഞുകൂടാൻ തുടങ്ങുന്നു, ഇത് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.
9. ക്ഷീണം
കരളിൽ അർബുദം വന്നാൽ വളരെ ക്ഷീണം അനുഭവപ്പെടാൻ തുടങ്ങും. ഇതുമൂലം നിങ്ങളുടെ ഭാരവും അതിവേഗം കുറയാൻ തുടങ്ങുന്നു.
10. വിറയോടുകൂടിയ പനി
കരൾ കാൻസർ മൂലം ശരീരത്തിലെ പിത്തരസത്തിൻ്റെ സന്തുലിതാവസ്ഥ തകരാറിലാകുന്നു. ചിലപ്പോൾ പിത്തരസത്തിൻ്റെ ഒഴുക്കും നിലയ്ക്കും. അത്തരമൊരു സാഹചര്യത്തിൽ, ചോളങ്കൈറ്റിസ് എന്ന അണുബാധ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. ഇക്കാരണത്താൽ, വിറയലിനൊപ്പം പനിയും ഉണ്ടാകാം.