Bizarre | കല്യാണമണ്ഡപത്തിൽ താലിമാല കെട്ടാൻ വിസമ്മതിച്ച് വധു; പൊലീസിന്റെ മധ്യസ്ഥതയിൽ അനുരജ്ഞനം; ഒടുവിൽ വരന്റെ വക അപ്രതീക്ഷിത ട്വിസ്റ്റ്! സംഭവം ഇങ്ങനെ
* ദക്ഷിണ കന്നഡ ജില്ലയിലെ കഡബയിലാണ് സംഭവം
മംഗ്ളുറു: (KasaragodVartha) കല്യാണമണ്ഡപത്തിൽ താലിമാല കെട്ടാൻ വധു വിസമ്മതിച്ചതിനെ തുടർന്ന് വിവാഹ വേദി നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ കഡബയിലാണ് സംഭവം. കഡബയിലെ ഉമേഷും ബണ്ട് വാളിലെ സരസ്വതിയും തമ്മിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്. പെർള ശ്രീ ഷൺമുഖ ക്ഷേത്രത്തിൽ രാവിലെ 11.35 ന് ചടങ്ങുകളും തുടർന്ന് വരൻ്റെ വീട്ടിൽ ഉച്ചയ്ക്ക് സദ്യ ഒരുക്കാനുമാണ് നിശ്ചയിച്ചിരുന്നത്.
വധൂവരന്മാരും ഇരുവശത്തുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും നിശ്ചയിച്ച സമയത്ത് ക്ഷേത്രത്തിലെത്തി. വധൂവരന്മാർ തമ്മിൽ മാല കൈമാറ്റം സുഗമമായി നടന്നു, എന്നാൽ വരൻ ഉമേഷ് വധു സരസ്വതിയുടെ കഴുത്തിൽ താലിമാല (മംഗല്യസൂത്രം) കെട്ടാൻ ശ്രമിച്ചപ്പോൾ, ഉമേഷിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് വധു വിസമ്മതിച്ചു. ഞെട്ടിപ്പോയ ഇരുകൂട്ടരും വധുവിനെ സമ്മതിപ്പിക്കാൻ ശ്രമിച്ചെങ്കിലും സരസ്വതി തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതേത്തുടർന്ന് ഇരുവിഭാഗവും ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി.
പൊലീസ് സ്‌റ്റേഷനിൽ നടന്ന അനുരഞ്ജന ചർച്ചയ്‌ക്കൊടുവിൽ വധു തനിക്ക് തെറ്റ് പറ്റിയതായി പറയുകയും വിവാഹവുമായി മുന്നോട്ട് പോകാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ മറ്റൊരു ട്വിസ്റ്റുണ്ടായി. ഈ വിവാഹത്തിന് താത്പര്യമില്ലെന്ന് വരൻ ഉമേഷ് അറിയിച്ചു. ബന്ധുക്കൾ ഇടപെട്ടെങ്കിലും വരൻ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതോടെ ഇരുവിഭാഗങ്ങളും അവരവരുടെ വീടുകളിലേക്ക് തന്നെ മടങ്ങി. സന്തോഷം നിറഞ്ഞ ദിനം നിരാശയിലേക്ക് മാറിയതിന്റെ വേദനയിലാണ് വരന്റെയും വധുവിന്റെയും ബന്ധുക്കൾ. വധു ആദ്യം വിവാഹത്തിന് വിസമ്മതിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.