Repair | കാസർകോട് വാർത്ത റിപോർട് ഫലം കണ്ടു; അധികൃതർ ഉണർന്നു; 2 ഇടങ്ങളിൽ പൈപ് പൊട്ടി വെള്ളം പാഴാകുന്ന പ്രശ്‌നത്തിന് പരിഹാരം
ഒടുവിൽ ജല അതോറിറ്റിയുടെ ഇടപെടൽ
ഉദുമ: (KasargodVartha) പാലക്കുന്ന്, കോട്ടിക്കുളം പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്ന പ്രശ്നത്തിന് ഒടുവിൽ പരിഹാരം. ചൊവ്വാഴ്ച കോട്ടിക്കുളത്തും ബുധനാഴ്ച പാലക്കുന്നിലും അറ്റകുറ്റപ്പണികൾ നടത്തി ജല അതോറിറ്റി അധികൃതർ തകരാർ പരിഹരിച്ചു. ജലഅതോറിറ്റിയുടെ കീഴിലുള്ള ബിആർഡിസിയുടെ കുടിവെള്ള പദ്ധതിയുടെ പൈപാണ് പൊട്ടിയിരുന്നത്.
നേരത്തെ, സംസ്ഥാന പാതയിൽ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വടക്ക് ഭാഗത്തും ഇൻഡ്യാന ആശുപത്രിയുടെ എതിർവശത്തും ആണ് പൈപുകൾ പൊട്ടി മാസങ്ങളോളം വെള്ളം ഒഴുകുകിയിരുന്നത്. പ്രദേശത്തെ കടകളിലെ വ്യാപാരികളും നാട്ടുകാരും ഇതിൽ പ്രതിഷേധിച്ചിരുന്നു. അനവധി ലിറ്റർ വെള്ളമാണ് ഇങ്ങനെ പാഴാകുന്നതെന്നും പരാതിയുണ്ടായിരുന്നു.
കരിച്ചേരി പുഴയിൽ നിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിച്ച് എത്തുന്ന കുടിവെള്ളമാണ് പാഴായിപോയത്. അധികൃതർ തിരിഞ്ഞുനോക്കാത്തത് വിമർശനത്തിനും ഇടയാക്കിയിരുന്നു. ഇതുസംബന്ധിച്ച് കാസർകോട് വാർത്ത നേരത്തെ റിപോർട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായത്. ഈ പദ്ധതിയുടെ വെള്ളം മാത്രം ആശ്രയിക്കുന്ന ഉപയോക്താക്കൾക്ക് മതിയായ അളവിൽ വെള്ളം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.