Fire Cracker Safety | വിഷു ആഘോഷം കെങ്കേമമാക്കാന്‍ പടക്കവും പ്രധാനം; ഏറെ കരുതലും വേണം!
* പടക്കം പൊട്ടുമ്പോള്‍ ചെവി പൊത്തിപ്പിടിക്കുന്നത് നല്ലതായിരിക്കും
* ചെവിവേദന, മുരള്‍ച എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്
കൊച്ചി: (KasargodVartha) വിഷു അടുത്തെത്തി, എല്ലാവരും ആഘോഷത്തിമിര്‍പ്പിലാണ്. പുതു വസ്ത്രങ്ങള്‍ വാങ്ങാനും ചെരുപ്പുകളും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. വേനലവധി ആയതിനാലും പരീക്ഷകള്‍ കഴിഞ്ഞതിനാലും കുട്ടികളെല്ലാം വലിയ ആവേശത്തിലാണ്.
അതോടൊപ്പം പടക്കവിപണികളും സജീവമായി. പൂത്തിരി, കമ്പിത്തിരി, മാലപ്പടക്കം തുടങ്ങിയവയ്ക്ക് വലിയ ആവശ്യക്കാരാണ് ഉള്ളത്. എന്നാല്‍ പടക്കം പൊട്ടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും ചൂടുകാലമായതിനാല്‍ പടക്കം പൊട്ടിയുണ്ടാകുന്ന അപകടങ്ങളില്‍ കൂടുതലും കയ്യിലേല്‍ക്കുന്ന പൊള്ളലുകളാണ്. അതുകൊണ്ടുതന്നെ പടക്കം പൊട്ടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കണ്ണിനും പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുട്ടികളെ പടക്കവുമായി അടുത്തിടപഴകാന്‍ അനുവദിക്കരുത്. പടക്കം പൊട്ടിക്കുമ്പോള്‍ അടുത്ത് ഒരു ബകറ്റില്‍ വെള്ളം കരുതുക. അശ്രദ്ധകാരണം വലിയ സ്ഫോടനം ഉണ്ടാകുന്നത് തടയാന്‍ പടക്കവുമായി 50 അടിയെങ്കിലും അകലം പാലിക്കണം. ഒരിക്കലും പടക്കം കയ്യില്‍വെച്ച് കൊളുത്തരുത്. അപകടം പറ്റിയാല്‍ പൊള്ളലേറ്റ കയ്യിലും മറ്റുമുള്ള ആഭരണങ്ങള്‍ പെട്ടെന്നുതന്നെ നീക്കംചെയ്യണം. പടക്കം പൊട്ടിക്കുമ്പോള്‍ കണ്ണിന് സംരക്ഷണം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പൊള്ളലേറ്റാല്‍ സ്വയം ചികിത്സ ചെയ്യുന്നതും നല്ലതല്ല. പൊള്ളലേറ്റ ഭാഗത്ത് നേരിട്ട് ഐസ് വെക്കരുത്. ചിലര്‍ ടൂത് പേസ്റ്റ് തേക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ചൂട് പുറത്തേക്കുപോകാതെ കൂടുതല്‍ ഉള്ളിലേക്ക് ബാധിക്കാന്‍ കാരണമാകും. അതുപോലെ, വെണ്ണ പുരട്ടുന്നത് ബാക്ടീരിയകള്‍ പെരുകുന്നതിനും അണുബാധയ്ക്കും കാരണമാകും.
പൊള്ളിയഭാഗം ഒഴുകുന്ന വെള്ളത്തില്‍ വെക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വൃത്തിയുള്ള തുണികൊണ്ട് പൊള്ളലേറ്റ ഭാഗം മൂടി അതിനുമുകളില്‍ ഐസ് പാക് വെക്കാം. പരുക്കേറ്റ കൈ ഉയര്‍ത്തിവെക്കുക. ഉടന്‍തന്നെ വൈദ്യസഹായം തേടുക. പടക്കം പൊട്ടുമ്പോള്‍ ചെറിയ കഷ്ണങ്ങളോ പൊടികളോ കണ്ണില്‍ തട്ടിയാല്‍ ഒരിക്കലും കൈകൊണ്ട് തിരുമ്മരുത്. അത് പരുക്കിന്റെ കാഠിന്യം കൂട്ടും. കണ്ണില്‍ ധാരാളം വെള്ളം ഒഴിച്ച് കഴുകണം. ഉടന്‍തന്നെ ചികിത്സ തേടണം.
ഉയര്‍ന്നശബ്ദം പലപ്പോഴും കേള്‍വി തകരാറുകള്‍ക്കും കാരണമാകുന്നു. ചിലത് താത്കാലിക പ്രശ്നങ്ങളാവാം. എന്നാല്‍ മറ്റുചിലപ്പോള്‍ സ്ഥായിയായ തകരാറുകള്‍ക്കും കാരണമാകാം. ശബ്ദത്തിന്റെ തീവ്രത 85 ഡെസിബെലില്‍ കൂടുതലാണെങ്കില്‍ കേള്‍വിത്തകരാര്‍ സംഭവിച്ചേക്കാം. പടക്കം പൊട്ടുമ്പോള്‍ ചുരുങ്ങിയത് 50 അടി അകലമെങ്കിലും പാലിക്കണം.
പടക്കം പൊട്ടുമ്പോള്‍ ചെവി പൊത്തിപ്പിടിക്കുന്നതും നല്ലതായിരിക്കും. ചെവിവേദന, മുരള്‍ച എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പടക്കം പൊട്ടുമ്പോഴും മറ്റുമുണ്ടാകുന്ന പുകയില്‍ നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കണം. ആസ്ത്മ, അലര്‍ജി എന്നിവ ഉള്ളവര്‍ക്ക് അത് തീവ്രമാകാന്‍ പുക കാരണമാകും.