Vishu | കണിയും കൈനീട്ടവും കൊന്നപ്പൂക്കളും; ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി മലയാളികൾ വിഷു ആഘോഷത്തിൽ
* മലയാളിയുടെ പുതുവർഷ ആരംഭം കൂടിയാണ് വിഷുദിനം
കാസർകോട്: (KasaragodVartha) കണിയും കൈനീട്ടവും കൊന്നപ്പൂക്കളുമായി ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു.വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു വർഷക്കാലം നില നിൽക്കുമെന്നാണു വിശ്വാസം. അതുകൊണ്ട് പ്രതീക്ഷയോടെയാണ് ഏവരും പൊൻപുലരിയിൽ കണി കണ്ടുണർന്നത്. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞും പടക്കം പൊട്ടിച്ചും സദ്യയുണ്ടും മാറ്റ് കുറയാതെയാണ് വിഷു ആഘോഷം.
മലയാളിക്ക് കാർഷികോത്സവം കൂടിയാണ് വിഷു. കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് ഇത്. കാർഷികവൃത്തിയുമായി കൂട്ടിയിണക്കിയുള്ള ഈ ആഘോഷം വരാനിരിക്കുന്ന ഒരു വർഷത്തിന്റെ പ്രതീക്ഷകളെ ഉണർത്തുന്നു. മലയാളിയുടെ പുതുവർഷ ആരംഭം കൂടിയാണ് വിഷുദിനം.
വിഷു ദിനത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടായിരുന്നു. ശബരിമലയിലും ഗുരുവായൂരും അടക്കം പ്രമുഖ ക്ഷേത്രങ്ങളിൽ വൻ ഭക്ത ജനത്തിരക്ക് അനുഭവപ്പെട്ടു. ശബരിമലയില്‍ പുലർച്ചെ നാല് മണിക്ക് വിഷുക്കണി ദർശനം തുടങ്ങി. തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പഭക്തർക്ക് വിഷുകൈനീട്ടം നൽകി. ഐശ്വര്യപൂർണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്.