Vishu | സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറവിൽ ഞായറാഴ്ച വിഷു ആഘോഷിക്കും; തിരക്കിലമർന്ന് നഗരം
* മലയാളിക്ക് ഇത് കാർഷികോത്സവം കൂടിയാണ്
കാസർകോട്: (KasaragodVartha) സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറവിൽ ഞായറാഴ്ച വിഷു ആഘോഷിക്കും. പൊന്‍പുലരിയില്‍ കണി കണ്ടും വിഷുക്കോടി ഉടുത്ത് കൈനീട്ടം നല്‍കിയും വാങ്ങിയും സദ്യ നടത്തിയും പടക്കം പൊട്ടിച്ചും ആഘോഷത്തോടെയാണ് ഈ ദിവസം കൊണ്ടാടുന്നത്. മേടമാസത്തിലെ ഒന്നാം നാള്‍ വരുന്ന വിഷു ഓരോ മലയാളിക്കും പുതുവര്‍ഷാരംഭമാണ്. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമൊപ്പം കാർഷികോത്സവം കൂടിയാണ് വിഷു.
ആഘോഷത്തിന്റെ ഏറ്റവും പ്രധാനമാണ് വിഷുക്കണി. കണിക്കൊന്ന പൂക്കൾ, നിലവിളക്ക്, കുഞ്ഞു കുടം, നെല്ല്, കണ്ണാടി, പണം, നാളികേരം, ചക്ക, കണിവെള്ളരി, മാങ്ങ തുടങ്ങിയവ ചേർത്താണ് കണിയൊരുക്കുന്നത്. ഈ ഓരോ വസ്തുക്കളും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങളാണ് പുലർച്ചെ കണ്ണു തുറക്കുമ്പോൾ ഇവ കണി കാണുന്നത് വർഷം പൊതുവേ ഐശ്വര്യദായകമായിരിക്കും എന്നാണ് വിശ്വാസം.
വിഷുവിന്റെ തലേന്നാൾ വലിയ തിരക്കാണ് വിവിധയിടങ്ങളിൽ അനുഭവപ്പെട്ടത്. തുണിക്കടകളിലും പച്ചക്കറിച്ചന്തകളിലും വഴിയോര വിപണികളിലും പടക്ക കടകളിലും സൂപർമാർകറ്റിലുമെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെരുന്നാൾ, വിഷു തിരക്കിൽ നഗരം സജീവമായിരുന്നു. അവസാന ദിവസം കണി സാധനങ്ങൾ വാങ്ങാനായിരുന്നു തിരക്കേറെയും. കണികണ്ടുണരാൻ കൃഷ്ണവിഗ്രങ്ങളും വിൽപനക്കെത്തിച്ചിട്ടുണ്ട്. പുലർച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും വിവിധ ക്ഷേത്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.