Vishu Sadya | വിഷുസദ്യയെ കുറിച്ച് അറിയാം
* ഓരോ നാടിനും അനുസരിച്ച് സദ്യയുടെ വിഭവങ്ങളില്‍ മാറ്റമുണ്ടാവുന്നു.
* വിഷുക്കഞ്ഞിയും തയാറാക്കാറുണ്ട്.
കൊച്ചി: (KsargodVartha) വിഷു കണിയും, വിഷു കൈനീട്ടവും പോലെ തന്നെ പ്രധാനമാണ് വിഷുസദ്യയും. ഓരോ വിഷുവിനും സദ്യയില്‍ വ്യത്യസ്തത വരുത്താന്‍ പലരും ശ്രമിക്കാറുണ്ട്. കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് ആലോചിച്ചതിനുശേഷമാണ് സദ്യവട്ടങ്ങളില്‍ അന്തിമ തീരുമാനം എടുക്കാറുള്ളത്. വിഷുവിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ സദ്യവട്ടങ്ങളില്‍ തീരുമാനം ആകും. വിഷുവിന്റെ മറ്റൊരു പ്രത്യേകതയാണ് ഉണ്ണിയപ്പം ചുടല്‍. കുറേ ആളുകള്‍ ഒരുമിച്ചിരുന്നാണ് അപ്പം ചുടാറുള്ളത്. അപ്പക്കല്ലും പ്രത്യേകതയാണ്. മുതിര്‍ന്നവര്‍ കൂട്ട് പറഞ്ഞുകൊടുക്കും. അതനുസരിച്ചാണ് തയാറാക്കുക.
വിഷുക്കണിയും വിഷുക്കൈനീട്ടവും കഴിഞ്ഞാല്‍ പിന്നെ വിഷു പ്രാതലാണ്. പ്രാതലിനു വിഷുക്കഞ്ഞിയോ വിഷുക്കട്ടയോ ആണ് വിഭവം. കൊയ്‌തെടുത്ത പുന്നെല്ലിന്റെ അരി പൊടിച്ച് തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്താണ് വിഷുക്കട്ട തയാറാക്കുക. ഒപ്പം അവല്‍ വിളയിച്ചതോ നനച്ചതോ ഉണ്ടാകും. വിഷുക്കഞ്ഞിക്ക് കോമ്പിനേഷന്‍ ചക്കപ്പുഴുക്കും പപ്പടവുമാണ്.
ഉപ്പും മധുരവും പുളിയും കയ്പും നിറഞ്ഞ വിഭവങ്ങളാണ് വിഷുസദ്യയില്‍ വിളമ്പേണ്ടത്. മാമ്പഴപ്പുളിശ്ശേരി, ഇടിച്ചക്കത്തോരന്‍, ചക്ക എരിശ്ശേരി, പാവയ്ക്കത്തീയല്‍, വെണ്ടയ്ക്ക പച്ചടി തുടങ്ങി തൊടിയില്‍ കിട്ടുന്ന പച്ചക്കറികള്‍ കൊണ്ടുള്ള വിഭവങ്ങളാണ് വിഷു സദ്യയുടെ പ്രത്യേകത. ചക്കപ്പഴവും മാമ്പഴവും ഏത്തപ്പഴവും പൈനാപ്പിളും ഒക്കെയാവും വിഷുപ്പായസത്തിന്റെ പ്രധാന ചേരുവ.
വിഷുക്കട്ട
തൃശൂരുകാരുടെ വിഷുദിനത്തിലെ മുഖ്യ ഇനമാണ് വിഷുക്കട്ട. മധുരമോ ഉപ്പോ ഇല്ലാത്ത വിഷുക്കട്ടയ്ക്കു ശര്‍ക്കരപ്പാനിയും മത്തനും പയറും ഉപയോഗിച്ചുള്ള കൂട്ടുകറിയും തൊട്ടുകൂട്ടാന്‍ ഉത്തമം. ഒരിക്കല്‍ കഴിച്ചാല്‍ പിന്നെ ഓര്‍ത്താല്‍ പോലും നാവില്‍ കൊതിയൂറുന്നതാണ് വിഷു വിഭവങ്ങള്‍.
ഓരോ നാടിനും അനുസരിച്ച് സദ്യയുടെ വിഭവങ്ങളില്‍ മാറ്റമുണ്ടാവുന്നു. തൃശൂര്‍ ഭാഗങ്ങളില്‍ വിഷുവിന് കൊഴുക്കട്ടയും വിഷുക്കട്ടയും തയാറാക്കുന്നുണ്ട്.
വിഷുസദ്യയില്‍ എന്തൊക്കെ വിഭവങ്ങളാണ് ഉണ്ടായിരിക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം. വാഴയിലയിലാണ് സദ്യ കഴിക്കുന്നത്.
വിഭവങ്ങള്‍
ശര്‍ക്കര വരട്ടി, കായ നുറുക്ക്, ഉപ്പേരി, വാഴപ്പഴം, പപ്പടം, ഉണ്ണിയപ്പം, മാമ്പഴം, വിഷു തോരന്‍, ഇടിച്ചക്ക, പപ്പടം തോരന്‍, ബീന്‍സ് തോരന്‍, വാഴ കൂമ്പ് തോരന്‍, ബീറ്റ് റൂട്ട് പച്ചടി, പൈനാപ്പിള്‍ പച്ചടി, വെണ്ടക്ക കിച്ചടി, മാങ്ങ പെരുക്ക്, കുത്തരിച്ചോറ്, നെയ്യ് ചേര്‍ത്ത പരുപ്പ് കറി, തേങ്ങ അരക്കാത്ത സാമ്പാര്‍, പാവക്ക തീയല്‍, കുമ്പളങ്ങ മോരു കറി, കാളന്‍, തക്കാളി രസം, ഇഞ്ചിപെരുക്ക്, അവിയല്‍, ഓലന്‍, പപ്പായ എരിശ്ശേരി, ചക്ക അവിയല്‍, വട കൂട്ടുകറി, പൈനാപ്പിള്‍ പായസം, സേമിയ പായസം, ഗോതമ്പു പായസം, പാല്‍പായസം ഇതൊക്കയാണ് ഏതൊരു സദ്യക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട കൂട്ടുകള്‍.
ഇതുപോലെ വിഷുക്കഞ്ഞിയും തയാറാക്കാറുണ്ട്. വിഷു സദ്യ തീര്‍ചയായും ഒരു വിരുന്നാണ്, ഇത് നിങ്ങളുടെ വയറു നിറയ്ക്കുന്നത് മാത്രരമല്ല മനസ്സ് കൂടിയാണ് നിറക്കുന്നത്.