Parking | 'കുമ്പള സ്‌കൂൾ റോഡിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നു'; പരാതിയുമായി വ്യാപാരികൾ
കുമ്പള: (KasaragodVartha) കുമ്പള സ്‌കൂൾ റോഡിൽ തലങ്ങും, വിലങ്ങും അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം ഗതാഗത തടസം നേരിടുന്നതായി പരാതി. കുമ്പള ഗ്രാമപഞ്ചായത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി സ്‌കൂൾ റോഡിൽ ഓവുചാലിന് സംരക്ഷണ ഭിത്തിയും, കോൺക്രീറ്റ് മൂടിയും സ്ഥാപിച്ചിരുന്നു. ഇത് ഉയരം കൂട്ടി നിർമിച്ചത് മൂലം ഇരുചക്ര വാഹനങ്ങളുടെ പാർകിംഗ് റോഡിൽ തന്നെയായി. വാഹനങ്ങളാകട്ടെ ഒതുക്കത്തോടെയല്ല നിർത്തിയിടുന്നതെന്ന പരാതിയുമുണ്ട്. ഇത് ഗതാഗത തടസത്തിന് കാരണമാവുന്നു.
വ്യാപാരികളും, ജോലിക്കാർക്കും പുറമെ മംഗ്ളുറു, കാസർകോട് ഭാഗങ്ങളിലേക്ക് കോളജുകളിലേക്ക് പോകുന്ന വിദ്യാർഥികളിൽ പലരും വാഹനങ്ങൾ നിർത്തിയിടുന്നത് സ്കൂൾ റോഡിൽ തന്നെയാണ്. അലക്ഷ്യമായി വാഹനങ്ങൾ പാർക് ചെയ്യുന്നത് മൂലം ചരക്ക് ലോറികൾക്കും, യാത്രക്കാരെയും കൊണ്ട് പോകുന്ന ഓടോറിക്ഷകൾക്കും റോഡിൽ തടസം നേരിടുന്നു.
ജൂൺ ആദ്യവാരം സ്കൂൾ-കോളജുകൾ തുറക്കുന്നതോടെ ഇരുചക്ര വാഹനങ്ങളുടെ എണ്ണം കൂടും. ഇത് വലിയ ഗതാഗത സ്തംഭനത്തിന് കാരണമാവുമെന്ന് വ്യാപാരികൾക്ക് ആശങ്കയുണ്ട്. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കുമ്പള പൊലീസ്, കുമ്പള ഗ്രാമപഞ്ചായത് എന്നിവരെ സമീപിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.