Allegation | 'ദേശീയപാതയിൽ ബേവിഞ്ച വളവിൽ മണ്ണിടിച്ചലിന് കാരണമായത് അശാസ്ത്രീയമായ കുന്നിടിക്കൽ'; പരിഹാരമുണ്ടാക്കാതെ 6 വരിപ്പാത നിർമാണം അനുവദിക്കില്ലെന്ന് ആക്ഷൻ കമിറ്റി;
കുത്തനെ കുന്നിടിച്ചത് മൂലമാണ് ഇപ്പോൾ മണ്ണിടിച്ചിൽ തുടങ്ങിരിക്കുന്നതെന്ന് ആരോപണമുണ്ട്
ഗതാഗതം വഴിതിരിച്ചുവിട്ടത് ഇരട്ടി ദുരിതമായി
ചെർക്കള: (KasargodVartha) ദേശീയപാതയിൽ ബേവിഞ്ച വളവിൽ മണ്ണിടിച്ചലിന് കാരണമായത് അശാസ്ത്രീയമായ കുന്നിടിക്കലെന്ന് ആക്ഷേപം. മണ്ണിടിച്ചലിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചതും വാഹനങ്ങൾ ചട്ടഞ്ചാൽ, ദേളി വഴി തിരിച്ചുവിട്ടതും ഇരട്ടി ദുരിതമായി. ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാഗമായാണ് ബേവിഞ്ച വി കെ പാറയിൽ അശാസ്ത്രീയമായ കുന്നിടിക്കൽ നടത്തിയതെന്ന് ചെങ്കള പഞ്ചായത് മെമ്പറും ആക്ഷൻ കമിറ്റി ഭാരവാഹിയുമായ സത്താർ പള്ളിയാൻ കാസർകോട് വാർത്തയോട് പറഞ്ഞു.
പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ദേശീയപാത നിർമാണം തടയുമെന്ന് ആക്ഷൻ കമിറ്റി മുന്നറിയിപ്പ് നൽകി. ദേശീയപാതയുടെ നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കംപനി പ്രദേശവാസികളുടെയോ ആക്ഷൻ കമിറ്റിയുടെയോ അഭിപ്രായം പോലും തേടാതെ കുന്നിടിക്കുകയായിരുന്നുവെന്നാണ് വിമർശനം. 10 മീറ്റർ താഴ്ചയും 10 മീറ്റർ ഉയരവുമുള്ള കുന്നിലാണ് മണ്ണെടുത്തത്.
'ഇവിടെ വെള്ളം ഒഴുകിപോവുന്നതിനായി അഞ്ചോളം കലുങ്കുകൾ ഉണ്ടായിരുന്നു. ഇത് നിരപ്പാക്കിയത് മൂലം വെള്ളത്തിന്റെ ഒഴുക്കിന് തടസം നേരിട്ടതാണ് മണ്ണിടിച്ചിലിന് കാരണമായത്. കുന്നിന് താഴെ 600 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് മാത്രം 200 കുടുംബങ്ങളുണ്ട്. വലിയ രീതിയിൽ മണ്ണിടിച്ചൽ ഉണ്ടായാൽ വയനാട്ടിലേതിന് പോലെയുള്ള വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരും', ആക്ഷൻ കമിറ്റി ഭാരവാഹികൾ പറയുന്നു.
നിർമാണ പ്രവർത്തനം തുടങ്ങുമ്പോൾ തന്നെ ശാസ്ത്രീയമായല്ലാതെ മണ്ണെടുക്കുന്നത് ദുരന്തത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് നിർമാണ കംപനി നിർമാണവുമായി മുന്നോട്ട് പോയതെന്നാണ് പറയുന്നത്. കുത്തനെ കുന്നിടിച്ചത് മൂലമാണ് ഇപ്പോൾ മണ്ണിടിച്ചിൽ തുടങ്ങിരിക്കുന്നതെന്ന് ആരോപണമുണ്ട്. മഴ തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് ദേശീയപാതയിൽ ഇതുവഴിയുള്ള ഗതാഗതം നിർത്തിവെക്കുന്നത്. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ ഇതുവഴി കടത്തിവിടുന്നത്.
സ്‌കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ ഇപ്പോൾ യാത്രചെയ്യാൻ കഴിയാതെ വിഷമിക്കുകയാണ്. വിഷയം കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും ശ്രദ്ധയിൽ പെടുത്തുകയും നാട്ടുകാരുമായും ആക്ഷൻ കമിറ്റിയുമായും ആലോചിക്കാതെ തുടർ നിർമാണ പ്രവർത്തനം കൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മേഘ കംപനിയുടെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെയും കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. കുന്നിന് അരിക് ഭിത്തി കെട്ടാൻ കുഴിയെടുത്തതും മണ്ണിടിച്ചലിന് മറ്റൊരു കാരണമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് കലക്ടറും ജില്ലാ പൊലീസ് മേധാവിയും നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.