Theft | സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് 2 വർഷമായി നാടിൻ്റെ ഉറക്കം കെടുത്തിയ യുവാവ് സിസിടിവി കാമറയിൽ കുടുങ്ങി
അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
അമ്പലത്തറ: (KasaragodVartha) സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് രണ്ട് വർഷത്തോളമായി നാടിൻ്റെ ഉറക്കം കെടുത്തിയ യുവാവ് സിസിടിവി കാമറയിൽ കുടുങ്ങി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരിയ, തട്ടുമ്മൽ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ യുവാവാണ് സിസിടിവി കാമറയിൽ കുടുങ്ങിയത്. അടിവസ്ത്ര മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് ഇയാളെ പൊക്കിയതായാണ് വിവരം.
അർധരാത്രി കഴിഞ്ഞാണ് ഇയാൾ അടിവസ്ത്രം തേടി പല വീടുകളിലും എത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും മാത്രം അടിവസ്ത്രം അടിച്ചുമാറ്റുന്ന യുവാവ് ഇവ എന്ത് ചെയ്യുന്നുവെന്ന് വ്യക്തമല്ല. ഇത് ആദ്യമായാണ് സിസിടിവിയുള്ള വീട്ടിൽ യുവാവ് മോഷണത്തിനെത്തുന്നത്. ഇതാണ് ഇയാൾക്ക് വിനയായത്.
മോഷ്ടാവിനെ തിരിച്ചറിയുകയും പിടിയിലാവുകയും ചെയ്തതോടെ ആളുകൾ പരസ്പ്പരം മൂക്കത്ത് വിരൽ വെച്ച് ആശ്ചര്യപ്പെടുകയാണ്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി ഉണ്ടാകുമെന്നും അമ്പലത്തറ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.