Suspended | നവീൻ ബാബുവിൻ്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു

● സർക്കാർ ജീവനക്കാരനായിരിക്കെ സ്വകാര്യ ബിസിനസിൽ ഏർപ്പെട്ടതിനാണ് നടപടി.
● കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതാണെന്ന സംശയം ശക്തം.
● പ്രശാന്ത് 98,500 രൂപ കൈക്കൂലി നൽകിയെന്നായിരുന്നു പരാതി.
കണ്ണൂർ: (KasargodVartha) എഡിഎം നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പിന് എൻഒസി നൽകിയില്ലെന്ന് ആരോപിച്ചു പരാതി നൽകിയ ടി.വി പ്രശാന്തിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനാണ് ടി.വി പ്രശാന്ത്. താൽക്കാലിക ജീവനക്കാരനായ ഇദ്ദേഹം സർക്കാർ ജീവനക്കാരനായി നിയമനം നൽകേണ്ട പട്ടികയിൽ ഉൾപ്പെട്ടയാളാണ്. സർക്കാർ ജീവനക്കാർക്ക് മറ്റു വ്യവസായ-വാണിജ്യ സംരഭങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്ന സർക്കാർ ചട്ടം മറികടന്നതിനാണ് നടപടി സ്വീകരിച്ചത്.
നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രശാന്തിനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണവും നടന്നു. എ.ഡി.എം നവീൻ ബാബു പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി നൽകുന്നതിനായി എഡിഎം നവീൻ ബാബുവിന് 98,500 രൂപ കൈകൂലി നൽകിയെന്നായിരുന്നു പരാതി. പള്ളിക്കുന്നിലെ വാടക ക്വാർട്ടേഴ്സിലേക്കുള്ള വഴിയിൽ നിന്നും കൈക്കുലി നൽകിയെന്ന് ആരോപിച്ച പ്രശാന്ത് ബാബു താൻ സ്വർണപണയം വെച്ചു സഹകരണ ബാങ്കിൽ നിന്നും വായ്പയായി എടുത്ത പണമാണ് നൽകിയതെന്ന് ആരോപിച്ചിരുന്നു.
എന്നാൽ ഇക്കാര്യം താൻ പരിചയക്കാരിയെന്ന നിലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയോട് അറിയിച്ചെന്നും ദിവ്യ പറഞ്ഞതിന് ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നുമാണ് പ്രശാന്ത് ബാബു പൊലീസിന് നൽകിയ മൊഴി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പേരും ഒപ്പും വ്യത്യസ്തമാണെന്ന പിശക് പിന്നീട് പുറത്തുവന്നിരുന്നു. മാത്രമല്ല മുഖ്യമന്ത്രിക്ക് പൊതുജനങ്ങൾ നൽകുന്ന പരാതി പോർട്ടലായ സി.എം.ആർ.എല്ലിൽ പ്രശാന്തൻ്റെ പരാതി രജിസ്റ്റർ ചെയ്തില്ലെന്ന വിവരവും പുറത്തുവന്നു. ഇതോടെയാണ് വ്യാജപരാതിയാണ് നൽകിയതെന്ന സംശയവും ഉയർന്നത്.
നവീൻ ബാബുവിന് കൈക്കുലി നൽകിയെന്ന ആരോപണം തെളിയിക്കാൻ യാതൊരു തെളിവുകളും പ്രശാന്തിന് ഇതുവരെ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതോടെ കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. നവീൻ ബാബുവിൻ്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകനും കോടതിയിൽ ഈ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ് സസ്പെൻഷൻ ഓർഡർ ഇറക്കിയിരിക്കുന്നത്.
കണ്ണൂർ മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ പ്രശാന്ത് അവധിയെടുത്തതിനു ശേഷം ശനിയാഴ്ച ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി. സർക്കാർ ജീവനക്കാരനായിരിക്കെ ഇയാൾ സ്വകാര്യ ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2019ൽ സർക്കാർ ആശുപത്രി ഏറ്റെടുക്കുന്ന ഘട്ടം മുതൽ സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ പട്ടികയിൽ ടിവി പ്രശാന്തൻ ഉൾപ്പെട്ടിരുന്നുവെങ്കിലും സസ്പെൻഷൻ നടപടിയോടെ സ്ഥിരം സർക്കാർ ജോലിയെന്ന സാധ്യത മങ്ങിയിരിക്കുകയാണ്. എ.കെ.ജി സെൻ്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ട കൈ, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി ഗോപിനാഥ് എന്നിവരുടെ അടുത്ത ബന്ധുവാണ് ടി.വി പ്രശാന്തൻ.
#KeralaPolitics #CorruptionScandal #HealthDepartment #Suspension #NaveenBabu #TVPrashanth #BriberyCase