പടന്നയിലെ യു ഡി എഫിലെ ലീഗ്-കോണ്‍ഗ്രസ് പടലപ്പിണക്കം തീര്‍ന്നു; ഇനി ഒന്നിച്ച് പോരാട്ടം
പടന്ന: (www.kasargodvartha.com 23.11.2020) പടന്ന പഞ്ചായത്തിലെ യു ഡി എഫിലെ ലീഗ്-കോണ്‍ഗ്രസ് പടലപ്പിണക്കം തീര്‍ന്നു. ഇനി ഒന്നിച്ച് പോരാടും. പഞ്ചായത്തിലെ രണ്ടാം വാര്‍ഡിനെ ചൊല്ലിയാണ് മുസ്ലിംലീഗും കോണ്‍ഗ്രസ്സും തമ്മില്‍ സീറ്റ് വിഭജന തര്‍ക്കം ഉണ്ടായത്. ഇതാണ് ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിച്ചത്.
കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ചിരുന്ന രണ്ടാം വാര്‍ഡ് മുസ്ലിം ലീഗിന് വിട്ട് കൊടുക്കുവാനും പകരം മുസ്ലിം ലീഗ് മത്സരിച്ച പടന്ന ബ്ലോക്ക് ഡിവിഷന്‍ അഞ്ച് വര്‍ഷത്തേക്ക് (2025 വരെ മാത്രം) കോണ്‍ഗ്രസിന് വിട്ട് കൊടുക്കുവാനുമുള്ള ധാരണയില്‍ പ്രശ്‌നം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ തീരുമാനിച്ചു.
ഇത് പ്രകാരം 2, 3, 4, 5, 6, 13, 14, 15 എന്നീ വാര്‍ഡുകളില്‍ മുസ്ലിം ലീഗും 1, 7, 8, 9, 10, 11, 12 വാര്‍ഡുകളില്‍ കോണ്‍ഗ്രസും മത്സരിക്കും. മേല്‍ ധാരണ പ്രകാരം ലീഗ് -കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയവരെല്ലാം പിന്‍വലിക്കുവാനും യു ഡി എഫ് ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കുവാനും തീരുമാനിച്ചു.
ജില്ലാ യു ഡി എഫ് നിര്‍ദ്ദേശപ്രകാരം മുസ്ലിം ലീഗ് കമ്മിറ്റി അധികാരപ്പെടുത്തിയ പ്രകാരം പ്രസിഡണ്ട് ടി കെ സി മുഹമ്മദലി ഹാജിയും കോണ്‍ഗ്രസ് നേതാക്കളായ കെ പി സി സി നിര്‍വ്വാഹക സമിതിയംഗം പി കെ ഫൈസല്‍, ഡി സി സി സെക്രട്ടറി കെ പി പ്രകാശന്‍, കെ കുഞ്ഞമ്പു എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പരിഹാരം.
തുടര്‍ന്ന് നടന്ന പ്രഖ്യാപന യോഗത്തില്‍ വി കെ പി ഹമീദലി, പി കെ സി റഊഫ് ഹാജി, പി സി മുസ്ത്വഫ ഹാജി, പി വി മുഹമ്മദ് അസ്ലം, പി കെ സി നാസര്‍ ഹാജി, യു സി മുഹമ്മദ് കുഞ്ഞി, കെ അസൈനാര്‍ കുഞ്ഞി, വി കെ മഖ്‌സൂദലി, എച്ച് എം കുഞ്ഞബ്ദുല്ല, കെ നാസര്‍, വി കെ പി അഹ് മദ് കുഞ്ഞി, എ എം ശരീഫ് ഹാജി, പി കെ താജുദ്ദീന്‍, കെ സജീവന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, UDF, Muslim-league, Padanna, Politics, Political party, Trending, UDF-League problem in Padanna ended