'ദി എൻഡ് ഓഫ് റിമൈൻഡർ' കോവിഡ് ബോധവത്ക്കരണ ഹ്രസ്വ ചിത്രം ശ്രദ്ധേയമായി
Oct 20, 2020, 17:10 IST
കാസർകോട്: (www.kasargodvartha.com 20.10.2020) ദി എൻഡ് ഓഫ് റിമൈൻഡർ എന്ന കോവിഡ് ബോധവത്ക്കരണ ഹ്രസ്വ ചിത്രം വൈറലാവുന്നു. 5 ദിവസം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. കോവിഡ് വ്യാപനവും മരണവും ജനങ്ങൾക്ക് മനസ്സിലാക്കി ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ചിത്രം ലക്ഷ്യമിടുന്നത്.
രാഷ്ടീയ, സാമൂഹ്യ, ആരോഗ്യ എന്നിങ്ങനെ വിവിധ രംഗത്തുള്ള പ്രമുഖർ ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. മാസ്ക് ധരിക്കാതെ, സാമൂഹ്യ അകലം പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങി കോവിഡ് രോഗം സ്വന്തം വീട്ടിലുള്ളവർക്ക് നൽകി പ്രായമുള്ള കുടുംബനാഥനെ മരണത്തിനു വിട്ടു നൽകുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
കൂട്ടാതെ ഗർഭണികൾ, 60 വയസ്സിനുമുകളിൽ പ്രായമുള്ളവർ, മാരകരോഗങ്ങൾ ബാധിച്ച പാലിയേറ്റീവ് രോഗികൾ, 10 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികൾ എന്നിവരെ കോവിഡ് രോഗത്തിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ചിത്രത്തിൽ എടുത്ത് പറയുന്നുണ്ട്.
ചെങ്കള ഏഴാം വാർഡ് ജാഗ്രത സമിതി, ആരോഗ്യ പ്രവർത്തകർ, പൈക്കയിലെ ഒരു കൂട്ടം ചെറുപ്പക്കാർ എന്നിവർ ചിത്രനിർമ്മാണത്തിന് നേതൃത്വം നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്ക്കരിക്കുന്ന വിധവും ചിത്രത്തിൽ വരച്ചു കാട്ടുന്നു.
വിവാഹം പോലുള്ള ചടങ്ങുകൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചിത്രത്തിൽ വിവരിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തരുടെ ഫീൽഡ് തല പ്രവർത്തനം സത്യസന്ധമായി അവതരിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പൈക്ക എന്ന ഗ്രാമത്തിലെ ജനങ്ങൾ സംസാരിക്കുന്ന തനി നാടൻ ഭാഷയിലാണ് ആ ഗ്രാമത്തിലെ തന്നെ ജനങ്ങൾ കഥാ പാത്രമായി വേഷമിട്ടിട്ടുള്ളത്. സ്വന്തം പേരിൽ തന്നെയാണ് കഥാപാത്രങ്ങളും.
കുമ്പള ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ ബി അഷ്റഫ്, ചെങ്കള ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ്ജ് കെ എസ് രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹാസിഫ് സുലൈമാൻ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ആശാമോൾ എന്നിവർ ആരോഗ്യ പ്രവർത്തകരായി അഭിനയിക്കുന്നു.
ഫരിസ്ത ക്രിയേക്ഷൻസിന്റെ ബാനറിൽ ടീം ബഹറൈൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹെൽത്ത് സൂപ്പർവൈസർ ബി അഷ്റഫിന്റെ ആശയത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ സംവിധാനവും ക്യാമറയും ചെയ്തിരിക്കുന്നത് ശാഫി പൈക്കയാണ്. കഥ, തിരക്കഥ ബി സി കുമാരൻ, മനാഫ് പൈക്ക, സംഗീതം ഹസൻ, കോ - ഓഡിനേറ്റർ ഷാഫി ചൂരിപ്പള്ളവുമാണ്.
29 ഓളം കഥാപാത്രങ്ങൾ വേഷമിട്ട ഈ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർച്ചഹിച്ച് പ്രശസ്ത ചിത്രകാരൻ പി എസ് പുണിഞ്ചിത്തായയും, ചിത്രം പ്രകാശനം ചെയ്തത് ജില്ലാ കലക്ടർ ഡോ. സജിത്ത് ബാബുവുമാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന് ഐ ഇ സിയിൽപ്പെടുത്തി പ്രചരിപ്പിക്കാൻ അയച്ചുകൊടുത്തിട്ടുണ്ട്.
ഹ്രസ്വ ചിത്ര മത്സരത്തിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
Keywords: Kasaragod, Kerala, News, COVID-19, Awareness, Short-filim, Trending, 'The End of Reminder' COVID Awareness Short Film goes Viral