കാസര്‍കോട് നേരിടുന്നത് ആരോഗ്യ പിന്നോക്കാവസ്ഥ; കോവിഡ് ആശുപത്രി മാത്രം പരിഹാരമല്ല, ഉദ്ഘാടന വേദിയില്‍ എയിംസിനായി ശക്തിയുക്തം വാദിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി
Sep 9, 2020, 20:57 IST
കാസർകോട്: (www.kasargodvartha.com 09.09.2020) ജില്ല നേരിടുന്ന ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ എയിംസ് അല്ലാതെ മറ്റൊന്നും പരിഹാരമാര്‍ഗമല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ടാറ്റാ ഗ്രൂപ്പ് കോവിഡ് ആശുപത്രിയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രഭാകരന്‍ കമ്മീഷന്‍ മുന്നോട്ടു വെച്ച 11,123 കോടിരൂപയുടെ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാ കേണ്ടതുണ്ട്.
ഇതില്‍ തന്നെ 2688.6 കോടി രൂപ ആരോഗ്യ മേഖലയ്ക്ക് വേണ്ടി മാത്രം ചിലവഴിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, വകുപ്പുകളും ഇതിനായി ഫണ്ട് കണ്ടെത്തണമെന്നും പറഞ്ഞിരുന്നു. ജില്ലയില്‍ ആരോഗ്യ മേഖലയിലെ വികസനത്തിന് ആവശ്യമായ സ്ഥലം കാസര്‍കോട് ഉണ്ട്. ഈ കോവിഡ് ആശുപത്രിയിലൂടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമാകില്ല.
പകരം മുഖ്യമന്ത്രിയോടും, ആരോഗ്യ മന്ത്രിയോടും, ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രിയോടും ഈ ജില്ലയുടെ ജനങ്ങള്‍ക്ക് വേണ്ടി ആവശ്യപ്പെടുന്നത് എയിംസ് കാസര്‍കോട് സ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ്. ഈ ആവശ്യം നേടിയെടുക്കാന്‍ കക്ഷി രാഷ്ട്രീയ വിത്യാസമില്ലാതെ ജനങ്ങള്‍ ശബ്ദമുയര്‍ത്തി വരികയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.