city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസികള്‍ ക്വാറന്റൈന്‍ ചിലവ് വഹിക്കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു; സമരങ്ങളും വേറിട്ട പ്രതിഷേധങ്ങളുമായി പ്രവാസി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും

കാസര്‍കോട്:  (www.kasargodvartha.com 27.05.2020) പ്രവാസികള്‍ ക്വാറന്റൈന്‍ ചിലവ് വഹിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു. സമരങ്ങളും വേറിട്ട പ്രതിഷേധങ്ങളുമായി പ്രവാസി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയാണ് സര്‍ക്കാര്‍ ഉത്തരവെന്നാണ് വിലയിരുത്തല്‍.

കലക്ട്രേറ്റ് ധര്‍ണയുമായി പ്രവാസി കോണ്‍ഗ്രസ് 

കാസര്‍കോട്: പ്രവാസികള്‍ മറുനാട്ടിലും, വിദേശത്തും മരിച്ചു വീഴുമ്പോഴും അതിനെ പറ്റി ഒന്നും ചെയ്യാതെ കടം വാങ്ങിയും പണയം വെച്ചും നാടണയാന്‍ ശ്രമിക്കുന്ന പ്രവാസികളെ പിഴിയാന്‍ തക്കം പാര്‍ത്ത് നടക്കുന്ന സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ നടപടികള്‍ക്കെതിരെയും, കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നും, മുഖ്യമന്ത്രി പണ്ട് പ്രഖ്യാപിച്ച ആറ് മാസത്തെ ശമ്പളം നല്‍കണമെന്നും കോവിഡ് കാലത്ത് പ്രഖ്യാപിച്ച സഹായം നല്‍കണമെന്നും, ക്ഷേമനിധിയില്‍ അംഗങ്ങളായ പ്രവാസികള്‍ക്കെല്ലാം സഹായം നല്‍കണമെന്നും, ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ബുധനാഴ്ച രാവിലെ 10.30 മണിക്ക് കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തും.

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ്: സര്‍ക്കാര്‍ നിലപാട് തിരുത്തണം:  വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് അവരില്‍ നിന്ന് തന്നെ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്നും ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്. വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ വിരുദ്ധവും പ്രവാസികളോടുള്ള നന്ദികേടുമാണ്. പ്രവാസികള്‍ നാട്ടിലെത്തുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ കയ്യില്‍ കാശില്ല എന്ന ന്യായം അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രളയ ഫണ്ടില്‍ 1700  കോടി രൂപ ബാക്കിയുണ്ട്. കോവിഡ് റിലീഫിന് 385  കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 2500 കോടി രൂപ സമാഹരിക്കും. എന്നിട്ടും പണമില്ലെന്ന ന്യായം ജനങ്ങളെ പറ്റിക്കലാണ്.

പത്ര സമ്മേളനങ്ങളില്‍ പ്രവാസികളെ കുറിച്ച് മധുര വര്‍ത്തമാനങ്ങള്‍ പറയുകയും പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ചാര്‍ജ് ഈടാക്കുകയും ചെയ്യുന്ന ക്രൂരമായ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ഈ പ്രവാസി ദ്രോഹത്തിന് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും. ജോലി നഷ്ടപ്പെട്ടവരും സാമ്പത്തിക  പ്രയാസമനുഭവിക്കുന്നവരുമായ പ്രവാസികളാണ് ഇപ്പോള്‍ തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തുന്ന ഇവരുടെ കയ്യിലെ അവശേഷിക്കുന്ന പണം പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയടക്കം പല സംഘടനകളും സൗജന്യ ടിക്കറ്റ് നല്‍കാന്‍ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിന് സന്നദ്ധമായിരുന്നില്ല. പ്രവാസികളെ ചൂഷണം ചെയ്യല്‍ മാത്രമാണ് സര്‍ക്കാര്‍ നയം. സര്‍ക്കാര്‍ തീരുമാനം തിരുത്തുന്നത് വരെ പാര്‍ട്ടി പ്രക്ഷോഭം സംഘടിപ്പിക്കും. സര്‍ക്കാര്‍ തീരുമാനം തിരുത്തുന്നത് വരെ പ്രവാസികളുടെ ക്വാറന്റൈന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം:  സമസ്ത

ചേളാരി: സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസികളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് സമസ്ത കേരള ഇസ്ലാം  മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. നാടിന്റെ സമ്പദ് ഘടനയില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് പ്രവാസികള്‍. കോവിഡ്-19 മൂലം വിദേശങ്ങളില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് ആശ്വാസ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അവരെ വീണ്ടും ദുരിതത്തിലാക്കുന്ന നടപടി ഒഴിവാക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍ പ്രസംഗിച്ചു.

പ്രവാസികളുടെ ക്വാറന്റൈന്‍: സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഐ സി എഫ്

ജിദ്ദ: കോവിഡ് പശ്ചാതലത്തില്‍ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവുകള്‍ അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ഐ. സി.എഫ് സഊദി നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ദീര്‍ഘകാലമായി ജോലിയില്ലാതെ പ്രയാസപ്പെടുന്നവരും അസുഖബാധിതരും പ്രായാധിക്യമുള്ളവരുമായ ആളുകളുമാണ് ഇപ്പോള്‍ തിരിച്ചു വരുന്ന പ്രവാസികള്‍ മുഴുവനും. അവര്‍ക്ക് താങ്ങും തണലും നല്‍കി ആശ്വാസം പകരുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ പ്രവാസികളോട് എക്കാലവും തുടര്‍ന്നു വരുന്ന വിവേചനം ഈ കോവിഡ് കാലത്തും തുടരാനാണ് ഈ തീരുമാനമെന്ന് വിലയിരുത്തേണ്ടി വരും.

സാമൂഹ്യ സുരക്ഷയുടെ ഭാഗമായി ക്വാറന്റൈനില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാര്‍ ബാധ്യതയാണ്. അവിടെ പ്രവാസിയെന്നും അല്ലാത്തവരെന്നുമുള്ള വേര്‍തിരിവ് സാമൂഹ്യ നീതിക്ക് നിരക്കാത്തതാണ്. കേരളത്തിന്റെ വളര്‍ച്ചയുടെ നട്ടെല്ല് പ്രവാസികളാണെന്ന് വെറും ഭംഗി വാക്കുകളായി മാത്രം ചുരുക്കാതെ, അടിയന്തിര ഘട്ടങ്ങളില്‍ ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത്. ദുരിത പര്‍വ്വത്തില്‍ നിന്നും ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും തുരുത്തുതേടിയാണ് പ്രവാസികള്‍ നാടണയുന്നത്, അവരോട് അനുകമ്പയും സഹാനുഭൂതിയും കാണിക്കാന്‍ ജനകീയ സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് ഐ സി എഫ് നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ യോഗത്തില്‍ സയ്യിദ് ഹബീബ് അല്‍ ബുഖാരി അദ്ധ്യക്ഷം വഹിച്ചു നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, അബ്ദുസ്സലാം വടകര, സിറാജ് കുറ്റ്യാടി, സലീം പാലച്ചിറ, സുബൈര്‍ സഖാഫി,  അബ്ദുറഷീദ് സഖാഫി മുക്കം, ഉമര്‍ സഖാഫി മൂര്‍ക്കനാട്, അബൂസാലിഹ് മുസ്്ലിയാര്‍, അബ്ദുലത്തീഫ് അഹ്സനി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, മുഹമ്മദലി വേങ്ങര സംബന്ധിച്ചു. ബഷീര്‍ എറണാകുളം സ്വാഗതവും അഷ്റഫലി നന്ദിയും പറഞ്ഞു.

കേരള സര്‍ക്കാര്‍ ഫീസ് വാങ്ങരുത്: ഖത്തര്‍ കെ എം സി സി

ദോഹ: ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ചിലവ് പ്രവാസികളില്‍ നിന്നും ഈടാക്കണമെന്ന കേരള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ഖത്തര്‍ കെ എം സി സി കേരള മുഖ്യമന്ത്രി പിണറായി വിജയനു തുറന്ന കത്തയച്ചു. ഗള്‍ഫു നാടുകളില്‍ നിന്നും ഇപ്പോള്‍ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നത് പ്രവാസികള്‍ അല്ലെന്നും  സന്ദര്‍ശക വിസയില്‍ വന്നു കുടുങ്ങിപ്പോയവരും, ജോലിനഷ്ടപ്പെട്ടവരും രോഗികളും ഗര്‍ഭിണികളായ സ്ത്രീകളും ആണെന്നും അവരില്‍ നിന്നും ഫീസ് ഈടാക്കുന്നത് ശരിയല്ലെന്നും കത്തില്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാരിനു ക്വാറന്റയിന്‍  കേമ്പുകള്‍ ഒരുക്കാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം തുറന്നു പറയണമെന്നും കത്തില്‍ പറയുന്നു.

പ്രതിപക്ഷ കക്ഷികള്‍ ഇത്തരം ക്യാമ്പുകള്‍ തുറക്കാന്‍ സന്നദ്ധരാകണമെന്നും അക്കാര്യം അറിയിച്ചു കൊണ്ട് കേരള സര്‍ക്കാരിന് രേഖാമൂലം എഴുതി നല്‍കണമെന്നും പ്രതിപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യ ക്യാമ്പുകള്‍ തുടങ്ങാന്‍ ആരും തയ്യാറാകാത്ത പക്ഷം കെ എം സി സി
അതിനു തയ്യാറാകുമെന്നും കത്തില്‍ പറഞ്ഞു. പൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രവാസികള്‍ അല്ല ഇപ്പോള്‍ തിരിച്ചു വരുന്നതെന്നിരിക്കെ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ നിന്നും മാധ്യമങ്ങളും ബന്ധപ്പെട്ടവരും വിട്ടു നില്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാവപ്പെട്ട പ്രവാസികള്‍ക്ക് സൗജന്യകൊറന്റൈന്‍ തുടര്‍ന്നും നല്‍കുക : നവയുഗം

ദമ്മാം: നാട്ടിലേയ്ക്ക് മടങ്ങുന്ന എല്ലാ പ്രവാസികളില്‍ നിന്നും കൊറന്റൈന് ഫീസ് ഈടാക്കാനുള്ള കേരളസര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും, ജോലിയും വരുമാനവും നഷ്ടമായി നാട്ടിലേയ്ക്ക് മടങ്ങുന്ന സാമ്പത്തികശേഷി ഇല്ലാത്ത പാവപ്പെട്ട പ്രവാസികള്‍ക്ക്, മുന്‍പ് നല്‍കിയ പോലെത്തന്നെ സൗജന്യകൊറന്റൈന്‍ തുടര്‍ന്നും നല്‍കണമെന്നും നവയുഗം സാംസ്‌ക്കാരികവേദി ആവശ്യപ്പെട്ടു.

വന്ദേഭാരത് മിഷന്‍ തുടങ്ങിയപ്പോള്‍ തന്നെ നാട്ടിലേയ്ക്ക് മടങ്ങുന്ന ഓരോ പ്രവാസിയും ക്വാറന്റൈന്‍ ചിലവ് സ്വയം വഹിക്കാന്‍ തയ്യാറാണ് എന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ മടങ്ങാന്‍ അനുവദിയ്ക്കൂ എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കൊറന്റൈന് ഫീസ് ഈടാക്കിയപ്പോള്‍, ഇന്ന് വരെ മലയാളി പ്രവാസികള്‍ക്ക് കൊറന്റൈന്‍ സൗജന്യമായി നല്‍കുകയാണ് കേരളസര്‍ക്കാര്‍ ചെയ്തത്.

കൊറോണ കാരണം നികുതി വരുമാനം അടക്കമുള്ളവ പത്തിലൊന്നായി കുറയുകയും, ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് ടെസ്റ്റും, ചികിത്സയും, റേഷനും, കിറ്റും, സഹായധനവും ഒക്കെ നല്‍കിയതിനാല്‍ ചിലവുകള്‍ പത്തുമടങ്ങു കൂടുകയും ചെയ്തതോടെ, കേരളസര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ദുരിതാശ്വാസനിധിയ്‌ക്കെതിരെ കോണ്‍ഗ്രസ്സും, മുസ്ലിംലീഗും അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ വ്യാപകമായി നടത്തിയ നുണപ്രചാരണം കാരണം ആ വകയിലുള്ള വരുമാനവും കുറവാണ്. അതിനാലാണ് പ്രവാസികളില്‍ നിന്നും ഏഴു ദിവസത്തെ ഇന്‌സ്ടിട്യൂഷണല്‍ കൊറന്റൈന് ചെറിയൊരു ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് മനസിലാക്കുന്നു.

പക്ഷെ മടങ്ങി വരുന്ന പ്രവാസികളില്‍ ഭൂരിപക്ഷവും ജോലി നഷ്ടമായവരും, കഴിഞ്ഞ രണ്ടു മാസമായി ഒരു വരുമാനവും ഇല്ലാതെ വീട്ടില്‍ ഇരുന്നവരുമാണ്.  ഭക്ഷണത്തിനു തന്നെ ബുദ്ധിമുട്ടിയ പലരും നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്കിന്റെയും, പ്രവാസി സംഘടനകളുടെയും കാരുണ്യത്തിലാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. അത്തരക്കാര്‍ മടങ്ങി വരുമ്പോള്‍ അവരില്‍ നിന്നും കൊറന്റൈന് ഫീസ് ഈടാക്കുന്നത് ഒരുതരത്തിലും ന്യായീകരിയ്ക്കാന്‍ കഴിയില്ല. മനുഷ്യത്വപരമായ നിലപാട് ഇക്കാര്യത്തില്‍  കേരളസര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് നവയുഗം ആവശ്യപ്പെട്ടു.

നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചിലവ് സര്‍ക്കാര്‍ വഹിക്കണം: ഓവര്‍സീസ് എന്‍ സി പി

വിദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചിലവ് പ്രവാസികളില്‍ നിന്ന് തന്നെ വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കം മനുഷ്യത്വമില്ലാത്തതാണെന്ന് ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മിറ്റി. നിത്യ വരുമാനവും, ജോലിയും നഷ്ടപ്പെട്ടും, സാമ്പത്തികമായി ഏറെ പ്രയാസ മനുഭവിച്ചും, സ്വന്തം രാജ്യത്തേക്ക് മടങ്ങി വരാന്‍ ടിക്കറ്റിനു പോലും മറ്റുള്ളവരെയും സംഘടനകളേയും  ആശ്രയിച്ചു കൊണ്ട് മടങ്ങുന്ന പ്രവാസികളാണ് ഇപ്പൊള്‍ നാട്ടിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്.ഇവരില്‍ തന്നെ സമ്പത്തിക ശേഷിയുള്ള പലരും സ്വന്തം ചിലവില്‍ കൂടുതല്‍ സൗകര്യങ്ങള്‍ തേടുന്നുണ്ട്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നത് സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ മാത്രമാണ്. അടിയന്തിരമായി  നിലപാടു തിരുത്തി, പ്രവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്വാറന്റൈന്‍ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികളെ കേന്ദ്ര, കേരള സര്‍ക്കാരുകളും, പ്രവാസി വകുപ്പും കൈവിടരുതെന്നും ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മിറ്റി പ്രസിഡണ്ടും ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരിയും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
പ്രവാസികള്‍ ക്വാറന്റൈന്‍ ചിലവ് വഹിക്കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു; സമരങ്ങളും വേറിട്ട പ്രതിഷേധങ്ങളുമായി പ്രവാസി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും


Keywords: Kasaragod, Kerala, News, Protest, Government, COVID-19, Trending, Kerala-pravasi-sangam, Political party, Social-Media, Protest against govt. decision about Expats' quarantine

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia