city-gold-ad-for-blogger

പെരിയ ഇരട്ടക്കൊല: സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന് പങ്കുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.04.2019) പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന് പങ്കുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പതിനാലാം ഖണ്ഡികയിലാണ് ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍ പ്രതികളെ സഹായിച്ചതായി റിപ്പോര്‍ട്ടുള്ളത്.

ഒന്നാംപ്രതി പീതാംബരന്‍ മറ്റു പ്രതികളായ അശ്വിന്‍, ശ്രീരാഗ്, സുരേഷ് എന്നിവര്‍ മുരളി ഓടിച്ച കാറില്‍ പെരിയയിലെത്തിയപ്പോള്‍ അഞ്ചാംപ്രതി ഗിജിന്‍ പീതാംബരനോട് വെളുത്തോളിയിലേക്കെത്താന്‍ ആവശ്യപ്പെട്ടു. രണ്ടാംപ്രതി സജിയോട് മറ്റൊരു പ്രതിയായ അനിലിനെയും കൂട്ടി ശാസ്താ ഗംഗാധരന്റെ ജീപ്പില്‍ വെളുത്തോളിയിലേക്കെത്താന്‍ പീതാംബരന്‍ നിര്‍ദേശം നല്‍കി. കൃത്യത്തില്‍ പങ്കെടുത്തവരെല്ലാം വെളുത്തോളിയില്‍ ഒത്തുകൂടിയപ്പോഴാണ് ശരത്ലാലും, കൃപേഷും കൊല്ലപ്പെട്ടതായി അറിയുന്നത്.

ഇതിനിടയില്‍ വെളുത്തോളിയിലെ സി പി എം പ്രവര്‍ത്തകനായ മണി ആര്‍ക്കോ ഫോണ്‍ ചെയ്തതിന് പിന്നാലെ ബാലകൃഷ്ണന്‍, ഗോപന്‍ എന്നിവര്‍ക്കൊപ്പം ഏരിയാ സെക്രട്ടറിയായ മണികണ്ഠനും വെളുത്തോളിയിലെത്തി. ഇവിടെ നിന്ന് മണികണ്ഠന്‍ ആരെയോ ഫോണില്‍ വിളിച്ച് ഉപദേശം തേടിയ ശേഷം പ്രതികളോട് വസ്ത്രങ്ങള്‍ മാറാനും ആയുധങ്ങള്‍ ഒളിപ്പിക്കാനും ആവശ്യപ്പെട്ടു. ഇതിനിടയില്‍ സി പി എം പ്രവര്‍ത്തകര്‍ തന്നെയായ മണിയും, സുബീഷും കൊണ്ടുവന്ന വസ്ത്രങ്ങള്‍ ഗിജിന്‍ ഒഴികെയുള്ളവര്‍ ധരിച്ചു.

പിന്നീട് കീക്കാനത്തെ കുറ്റിക്കാട്ടില്‍ സുബീഷും ഗിജിനും ചേര്‍ന്ന് പ്രതികളുടെ വസ്ത്രങ്ങള്‍ തീയിട്ട് നശിപ്പിച്ച ശേഷം സ്ഥലംവിട്ടു. മണികണ്ഠന്റെ നിര്‍ദേശപ്രകാരം പീതാംബരന്‍, ഗിജിന്‍, ശ്രീരാജ്, അശ്വിന്‍ എന്നിവരെ പാര്‍ട്ടി അനുയായിയായ മണി ഉദുമയിലെ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അന്ന് മണിയുടെ വീട്ടിലാണ് സുബീഷ് താമസിച്ചത്. അടുത്ത ദിവസം പ്രതികള്‍ നാലുപേരും വെളുത്തോളിയില്‍ സംഗമിച്ച ശേഷമാണ് പോലീസില്‍ കീഴടങ്ങിയത്. എട്ടാംപ്രതി സുബീഷും, പതിനൊന്നാംപ്രതി പ്രദീപും ഒളിവിലാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മണികണ്ഠന് കൊലയുമായി ബന്ധമുള്ളതിന് തെളിവില്ലെന്നും അതേ സമയം കൃത്യം നടത്തിയ ശേഷം സഹായം തേടിയതിന്റെ അടിസ്ഥാനത്തില്‍ മറ്റു സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കൊലപാതകത്തില്‍ ജില്ലാ സെക്രട്ടറി മുതല്‍ മേല്‍പ്പോട്ടുള്ളവര്‍ക്ക് ബന്ധമില്ല എന്നുള്ളതുകൊണ്ടാണ് പാര്‍ട്ടി നേതൃത്വത്തിന് കൊലപാതകവുമായി ബന്ധമില്ല എന്ന് പറയുന്നതെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കുന്നു.

പ്രതികളെ സഹായിച്ചിട്ടും എന്തുകൊണ്ട് മണികണ്ഠനെ ചോദ്യം ചെയ്തില്ല എന്നതിന് സമയം കിട്ടിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ മറുപടി. അതേ സമയം എന്തടിസ്ഥാനത്തിലാണ് തന്റെ പേര് പരാമര്‍ശിച്ചതെന്ന് വ്യക്തമാകുന്നില്ല എന്നാണ് കെ മണികണ്ഠന്‍ പറയുന്നത്. കൊലപാതകത്തെ ഒരു കാരണവശാലും ന്യായീകരിക്കാത്ത പാര്‍ട്ടിയാണ് സി പി എം എന്നും മണികണ്ഠന്‍ വ്യക്തമാക്കി. തന്നെ ചോദ്യം ചെയ്യുകയോ മൊഴി എടുക്കുകയോ ചെയ്യാതെ തന്റെ പേര് കോടതിയില്‍ പരാമര്‍ശിച്ചതിനെ കുറിച്ച് ആലോചിച്ച് നടപടി എടുക്കുമെന്നും മണികണ്ഠന്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊല: സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന് പങ്കുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, CPM, Periya, Top-Headlines, Trending, Crime branch, periya double murder; crime branch report against CPM area secretary
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia