പെരിയ ഇരട്ടക്കൊല: ഒടുവിൽ കേസ് ഡയറി ക്രൈംബ്രാഞ്ച് സി ബി ഐക്ക് കൈമാറി; സി ബി ഐ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥർ പെരിയയിലേക്ക്
Dec 3, 2020, 12:15 IST
പെരിയ: (www.kasargodvartha.com 03.12.2020) പെരിയ ഇരട്ടക്കൊലക്കേസിന്‍റെ കേസ് ഡയറി ഒടുവിൽ ക്രൈംബ്രാഞ്ച് സി ബി ഐ ഡി വൈ എസ് പിക്ക് കൈമാറി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനകളടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സിബിഐ അന്വേഷണം ശരി വെച്ചത്. ഇതിന് പിന്നാലെയാണ് കേസ് ഡയറി സി ബി ഐയുടെ ഡി വൈ എസ് പി അനന്തകൃഷ്ണന് കൈമാറിയിരിക്കുന്നത്.
ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ് രേഖകൾ ഏൽപ്പിക്കണമെന്ന് കാണിച്ച് കത്ത് നൽകിയിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ പൊലീസ് വിട്ടുകൊടുത്തിരുന്നില്ല. കേസിൽ ക്രൈംബ്രാഞ്ചിൻ്റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിനും സി പി എമ്മിനും ശക്തമായ തിരിച്ചടി തന്നെയായിരുന്നു.
കൊച്ചിയിലെ സി ബി ഐ കോടതിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഉണ്ടായപ്പോൾ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണം പോലും സി ബി ഐ പൂർത്തിയാക്കിയിരുന്നു. വിശദമയാ അന്വേഷണത്തിന് സി ബി ഐ സംഘം ഉടൻ പെരിയയിലെത്തും. നേരത്തേ ആരോപണ വിധേയരായ പ്രമുഖ സി പി എം നേതാക്കൾ അടക്കമുള്ളവരെ വൈകാതെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
Keywords: Kerala, News, Kasaragod, Periya, Murder, Case, Congress, Worker, CBI, Crime branch, Court, Government, Top-Headlines, Trending, Periya double murder: Crime Branch finally handed over Case diary to CBI.