city-gold-ad-for-blogger

ടോംഗോയില്‍ സമുദ്രത്തിനടിയിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് സുനാമിയും; വീഡിയോ

നുകുഅലോഫ: (www.kasargodvartha.com 16.01.2022) പസഫിക് ദ്വീപുരാഷ്ട്രമായ ടോംഗോയില്‍ സമുദ്രത്തിനടിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടു. ടോംഗോയിലെ ഫൊന്‍വാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. 30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. വീടുകളിലേക്ക് തിരമാലകള്‍ അടിച്ചുകയറുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച വീണ്ടും ഏഴുമടങ്ങ് ശക്തിയോടെ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തമായ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറി. അതേസമയം ഇതുവരെ ആളപായം റിപോര്‍ട് ചെയ്തിട്ടില്ല.

ടോംഗോയില്‍ സമുദ്രത്തിനടിയിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് സുനാമിയും; വീഡിയോ

സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചതായി ടോംഗോ ജിയോളജികല്‍ സെര്‍വീസസ് അറിയിച്ചു. ആകാശത്ത് നിന്ന് ചെറിയ കല്ലുകളും ചാരവും വീണതിനാല്‍ 1.2 മീറ്റര്‍ ഉയരമുള്ള തിരമാല ടോംഗന്‍ തലസ്ഥാനത്ത് കരയിലേക്ക് അടിച്ചുകയറി. ദ്വീപ് രാഷ്ട്രത്തിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതായി യുഎസ് അറിയിച്ചു.

അതേസമയം, ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അയല്‍രാജ്യമായ ജപാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരങ്ങള്‍, ടാസ്മാനിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലും യുഎസിന്റെ ഏതാനും ഭാഗങ്ങളിലുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള കടല്‍ത്തീരത്ത് സുനാമി കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് എംബസിയില്‍നിന്ന് വിവരം ലഭിച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പറഞ്ഞു. വ്യോമ നിരീക്ഷണം ഉടന്‍ നടത്തുമെന്നും ജസീന്ത അറിയിച്ചു.

Keywords: News,World, Video, Trending, Top-Headlines, Tsunami, Sea, Massive Underwater Volcanic Eruption Felt Around The World.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia