കാസർകോട്ട് കോവിഡ് മരണം കൂടുന്നത് മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ; മരിച്ചവരുടെ എണ്ണം 70 ആയി
Sep 22, 2020, 20:27 IST
കാസർകോട്: (www.kasargodvartha.com 22.09.2020) ജില്ലയിൽ കോവിഡ് മരണം കൂടുന്നത് മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ. ജില്ലയിൽ മരിച്ചവരുടെ എണ്ണം 70 ആയി ഉയർന്നിരിക്കുകയാണ്. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണവും ഇതിനൊപ്പം കൂടിവരികയാണ്. ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഇല്ലെന്നത് യാഥാർത്ഥ്യമാണ്. ബന്ധപ്പെട്ട അധികാരികളും ഇക്കാര്യം രഹസ്യമായെങ്കിലും സമ്മതിക്കുന്നു.
ഗുരുതരമായി രോഗം ബാധിച്ചവർക്ക് ആശ്രയം കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് മാത്രമാണ്. കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച ഇനിയും മെഡിക്കൽ കോളജ് എന്ന നിലയിൽ പ്രവർത്തനം ആരഭിക്കാത്ത ബദിയടുക്ക ഉക്കിനടുക്ക ഉള്ളത് എഫ് എൽ ടി സി സംവിധാനം മാത്രമാണ്.
കേരളത്തിൽ ആദ്യമായി കോവിഡിന് മാത്രമായി ടാറ്റാ നിർമ്മിച്ചു കൊടുത്ത കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയതല്ലാതെ പ്രവർത്തനം ഇനിയും ആരംഭിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കെ ജി എം ഒ എ അടക്കം ജില്ലയിൽ കോവിഡ് ചികിത്സ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടും സർക്കാർ കാസർകോടിൻ്റെ ചികിത്സാ കാര്യത്തിൽ ഇനിയും ഉണർന്ന് പ്രവർത്തിക്കാൻ തയ്യാറായിട്ടില്ല.
ജില്ലയിൽ ദിവസവും ശരാശരി 150 പേർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ചിലപ്പോൾ അത് 300 വരെ കടന്നിട്ടുണ്ട്. കോവിഡ് ബാധിച്ചവരിൽ ഏറെയും മറ്റ് ഗുരുതരമായ അസുഖങ്ങളുള്ള സി കാറ്റഗറിയിൽ പെട്ടവരാണ്. ഈ രോഗികൾക്ക് ആവശ്യമായ വിദഗ്ധ ചികിത്സക്ക് ജില്ലയിൽ സൗകര്യങ്ങളില്ല. അയൽ സംസ്ഥാനമായ മംഗ്ലൂരുവിൽ ഇപ്പോഴും പഴയ പടിയിലേക്ക് വന്നിട്ടില്ല.
ഉക്കിനടുക്ക മെഡിക്കൽ കോളജിൽ കോവിഡ് ആശുപത്രി തുടങ്ങിയെങ്കിലും വെൻ്റിലേറ്റർ- ഐസിയു കെയർ ഉൾപ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളൊന്നും ഇനിയും ഏർപ്പെടുത്തിയില്ല. ഇത് കാരണം ഇവിടെ തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ ചികിത്സിക്കാനാവുന്നില്ല.
200 ബെഡ് ഒരുക്കിയെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 50ൽ താഴെ രോഗികളെ മാത്രമേ ഇവിടെ എത്തിക്കുന്നുള്ളു. ഇവിടെ ആവശ്യത്തിന് ഡോക്ടർമാരും മറ്റു ജീവനക്കാരുമില്ല. മെഡിക്കൽ കോളജിൽ താത്കാലികമായി വിവിധ മെഡിക്കൽ കോളജുകളിലെ പി ജി ഡോക്ടർമാരെ നിയമിച്ചിരുന്നു. ഇവരിൽ 22 ഡോക്ടർമാരെ ജോലി ക്രമീകരണത്തിൻ്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് തന്നെ മാറ്റികൊണ്ട് ഉത്തരവിറങ്ങിയതോടെ ഉക്കിനടുക്ക കോവിഡ് ആശുപത്രിയുടെ പ്രവർത്തനം പേരിന് മാത്രമാകും.
ഇതോടൊപ്പം തന്നെ ജില്ലയ്ക്ക് അനുവദിച്ച സ്ഥിരം ഡോക്ടർമാരുടെ എണ്ണവും ആരോഗ്യ വകുപ്പ് വെട്ടിക്കുറച്ചത് ഇരുട്ടടിയാന്ന്. ജില്ലക്ക് 39 പി എസ് സി നിയമനമാണ് അനുവദിച്ചിരുന്നത്. എന്നാൽ അത് 15ആയി ചുരുക്കി ഉത്തരവിറങ്ങി. ഇതിൽ മൂന്ന് പേര് മാത്രമാണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. ജില്ലയിൽ നിലവിൽ തന്നെ 60 ഓളം ഡോക്ടർമാരുടെ ഒഴിവുണ്ട്. ഇതിന് പുറമെ അനുവദിച്ച പോസ്റ്റും പിൻവലിക്കുന്നതോടെ ജില്ലയിലെ ആരോഗ്യ മേഖല താറുമാറാകുമെന്ന അവസ്ഥയിലാണ്.
കോവിഡ് രോഗികളുടെ എണ്ണം വരും ദിവസങ്ങളിൽ കുതിച്ചു കയറുമെന്ന മുന്നറിയിപ്പാണ് ലഭിച്ചിട്ടുള്ളത്. ഇത് മുന്നിൽ കണ്ട് കാസർകോട് ജനറൽ ആശുപത്രിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് മാത്രമാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ തീരുമാനത്തിനെതിരെ എം എൽ എമാരും കോൺഗ്രസ് -ലീഗ് - ബി ജെ പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ശക്തമായ പ്രതിഷേധം ഉയർത്തി കഴിഞ്ഞു.
പാവപ്പെട്ടവരടക്കം മറ്റ് ചികിത്സയ്ക്ക് ആശ്രയിക്കുന്ന ആശുപത്രികളെ അങ്ങനെ തന്നെ നിലനിർത്തണമെന്നും ടാറ്റ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുകയും ഉക്കിനടുക്ക മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾക്കുള്ള വിദഗ്ദ്ധ ചികിത്സാ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യമാണ് എല്ലാ ഭാഗത്ത് നിന്നും ഉയരുന്നത്.
പറഞ്ഞതിലും നാലുമാസം കഴിഞ്ഞാണ് ടാറ്റാ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞത്. ഉദ്ഘാടനം നടന്ന് ആഴ്ചകൾ പിന്നിടുമ്പോഴും ഇനിയും പ്രവർത്തനം വൈകുന്നത് ജില്ലയിലെ ജനങ്ങളോട് ഭരണകൂടം കാണിക്കുന്ന അനീതിയായി വ്യാഖ്യാനിക്കപ്പെടാൻ ഇടയാകും.
Keywords: Kasaragod, Kerala, News, COVID-19, Death, Increase, District, Trending, Top-Headlines, Kasaragod COVID mortality is increasing due to lack of adequate medical facilities; The death toll rose to 70