Accused | കാലിക്കടത്തുകാരന്റെ കൊല: പ്രതിക്ക് ബിജെപി ഉന്നതരുമായി ഉറ്റ ബന്ധം; ചിത്രങ്ങള്‍ പുറത്ത്
/ സൂപ്പി വാണിമേല്‍
മംഗ്ളൂറു: (www.kasargodvartha.com) അനധികൃതമായി കന്നുകാലികളെ കടത്തിയെന്നാരോപിച്ച് സംഘം യുവാവിനെ മര്‍ദിച്ച് കൊല്ലുകയും ഒപ്പം ഉണ്ടായിരുന്ന രണ്ട് സഹായികളെ മര്‍ദിക്കുകയും ചെയ്തെന്ന സംഭവത്തില്‍ ബന്ധുക്കള്‍ ആരോപിക്കുന്ന മുഖ്യപ്രതിക്ക് ബി ജെ പി, ശ്രീരാമ സേന ഉന്നത നേതാക്കളുമായി ഉറ്റ ബന്ധമെന്ന് റിപോര്‍ട്. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും അറസ്റ്റ് നടക്കാതിരിക്കാന്‍ ഈ ബന്ധങ്ങള്‍ കാരണമാവുന്നുവെന്ന ആക്ഷേപവും ഉയരുന്നു.
വെള്ളിയാഴ്ച രാത്രി റാമനഗര ജില്ലയിലെ സാത്തനൂരിലാണ് മാണ്ട്യ സ്വദേശി ഇദ്രീസ് പാഷ(41) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഇര്ഫാന്, സഈദ് സഹീര്‍ എന്നിവര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു.
കശാപ്പിനായി അനധികൃതമായി കന്നുകാലികളെ കടത്തിയെന്നാരോപിച്ചാണ് പുനീത് കെരെഹള്ളിയുടെ നേതൃത്വത്തിലുള്ള സംഘം മൂവരെയും തടഞ്ഞത്. കന്നുകാലികളെ വാങ്ങിയതിന്റെ റസീറ്റ് തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞെങ്കിലും സംഘം അവരെ ആക്രമിക്കുകയായിരുന്നുവെന്നും രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത് നല്‍കാത്ത ഇദ്രീസിനെ 'പാകിസ്താനിലേക്ക് പോടാ' എന്ന് വിളിച്ച് അക്രമിച്ചുവെന്നുമാണ് ബന്ധുക്കള്‍ സാത്തനൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
ഈ പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് അക്രമം നടന്ന സ്ഥലം. ഇദ്രീസിന്റെ മൃതദേഹം പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ അകലെ ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പൊലീസ് രെജിസ്റ്റര്‍ ചെയ്തത്. അക്രമികളില്‍ ഒരാളെന്ന് ആരോപിക്കുന്ന പുനീത് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സഹീറിനും കൂട്ടാളികള്‍ക്കുമെതിരെ കര്‍ണാടക ഗോവധ നിരോധന നിയമം, മോടോര്‍ വാഹന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പുനീതിനും സംഘത്തിനുമെതിരെ വധം, പ്രകോപനം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പിന്നാലെ പുനീതിന് ബി ജെ പി, ശ്രീരാമ സേന ഉന്നത നേതാക്കളുമായുള്ള ഉറ്റബന്ധം സൂചിപ്പിക്കുന്ന പടങ്ങള്‍ പുറത്തുവന്നു. ബി ജെ പി ദേശീയ ജെനറല്‍ സെക്രടറിയും മുന്‍ മന്ത്രിയുമായ സി ടി രവി എം എല്‍ എ, ബി ജെ പി എം പി തേജസ്വിനി സൂര്യ, ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് തുടങ്ങിയവരുമായാണ് പുനീതിന് അടുത്തബന്ധമെന്ന് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
Keywords: News, Kerala, State, Top-Headlines, Trending, Killed, Case, Police, Crime, Karnataka man killed by cow vigilantes.







