Heart Touching | കുടുംബത്തെ സവിശേഷമായ രീതിയിൽ വിമാനത്തിലേക്ക് സ്വാഗതം ചെയ്‌ത് പൈലറ്റ്; വികാരാധീനനായി കരഞ്ഞ് മാതാവ്; ഇൻഡിഗോയിൽ നിന്നുള്ള ഹൃദയസ്‌പർശിയായ വീഡിയോ വൈറൽ!
* മുത്തച്ഛന്റെ ആദ്യ യാത്ര
ചെന്നൈ: (KasargodVartha) ജീവിതത്തിലോ കരിയറിലോ മക്കൾ എന്തെങ്കിലും നല്ലത് ചെയ്യുമ്പോൾ മാതാപിതാക്കളുടെ സന്തോഷത്തിന് അതിരുകളില്ല. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ സമാനമായ ചിലത് കാണാം. ഈ ദൃശ്യങ്ങൾ ഒരു ഇൻഡിഗോ പൈലറ്റിൻ്റെതാണ്. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള വിമാനത്തിൽ നിന്നാണ് ഹൃദയസ്‌പർശിയായ സംഭവം പുറത്തുവന്നത്.
വിമാനത്തിൻ്റെ പൈലറ്റ് ക്യാപ്റ്റൻ പ്രദീപ് കൃഷ്ണനാണ് തൻ്റെ കുടുംബത്തെ സവിശേഷമായ രീതിയിൽ സ്വീകരിച്ചത്. ടേക്ക് ഓഫിന് മുമ്പ് ഒരു പ്രത്യേക അറിയിപ്പ് നടത്തിയ അദ്ദേഹം, തൻ്റെ കുടുംബം തന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്ന് അറിയിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് യാത്രക്കാരോട് പറഞ്ഞു. 'അമ്മായിയും അച്ഛനും അമ്മയും 29-ാം നിരയിൽ ഇരിക്കുന്നു. എൻ്റെ മുത്തച്ഛൻ ഇന്ന് ആദ്യമായി എന്നോടൊപ്പം പറക്കുന്നു',അദ്ദേഹം തമിഴും ഇംഗ്ലീഷും കലർന്ന ഭാഷയിൽ യാത്രക്കാരോട് പറഞ്ഞു.
പ്രദീപ് കൃഷ്ണൻ്റെ അനൗൺസ്‌മെൻ്റ് കൂടിയായതോടെ മുന്നിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ഉച്ചത്തിൽ കൈയടിക്കാൻ തുടങ്ങി. മുത്തച്ഛൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് എല്ലാവരുടെയും ആശംസകൾ ഏറ്റുവാങ്ങി. ക്യാപ്റ്റൻ തന്നെയാണ് തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പറക്കുക എന്നത് ഏതൊരു പൈലറ്റിൻ്റെയും സ്വപ്നമാണ് എന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് അദ്ദേഹം കുറിച്ചു. വീഡിയോയിൽ മാതാവ് വികാരാധീനനായി കരയുന്നത് കാണാം.