Imran Nazir | 'കളിച്ചിരുന്ന സമയത്ത് തനിക്ക് ഭക്ഷണത്തിലൂടെ മെര്‍കുറി വിഷബാധയേറ്റു; ആരാണ് നല്‍കിയതെന്ന് അറിയില്ല; കിടപ്പിലാകുമെന്ന ആശങ്കയോടെ 10 വര്‍ഷത്തോളം ചികിത്സിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് മുന്‍ താരം ഇമ്രാന്‍ നാസിര്‍
ഇസ്‌ലാമബാദ്: (www.kasargodvartha.com) 2012 ല്‍ ട്വന്റി20 ലോകകപിലാണ് ഇമ്രാന്‍ നാസിര്‍ പാകിസ്താന് വേണ്ടി ഒടുവില്‍ കളിച്ചത്. ഓപണിങ് ബാറ്ററെന്ന നിലയില്‍ പാകിസ്താന്റെ ഭാവിയെന്ന് കരുതപ്പെട്ടിരുന്ന താരം സ്ഥിരതയില്ലാതിരുന്നതോടെ ടീമില്‍നിന്ന് പുറത്താവുകയായിരുന്നു.
ഇപ്പോഴിതാ, കളിച്ചിരുന്ന സമയത്ത് തനിക്ക് ഭക്ഷണത്തിലൂടെ വിഷബാധയേറ്റിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍ താരം. ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ നാസിറിന്റെ വെളിപ്പെടുത്തല്‍. വിഷബാധ തന്റെ സന്ധികളെ ദുര്‍ബലമാക്കിയെന്നും കിടപ്പിലാകുമെന്ന് ആശങ്കയുണ്ടായിരുന്നെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
'മെര്‍കുറി' വിഷമാണ് തന്നെ ബാധിച്ചതെന്നാണ് നാസിറിന്റെ പരാതി. അടുത്തിടെ ചികിത്സയുടെ ഭാഗമായി എംആര്‍ഐ എടുത്തിരുന്നു. റിപോര്‍ടില്‍ മെര്‍കുറി വിഷം നല്‍കിയതായി ഉണ്ട്. അതൊരു സ്ലോ പോയ്‌സണാണ്. അത് സന്ധികളിലെത്തി അവയെ നശിപ്പിക്കും. 10 വര്‍ഷത്തോളമാണ് ചികിത്സിച്ചത്. ഏഴു വര്‍ഷം താന്‍ ഇതു കാരണം ബുദ്ധിമുട്ടി. എനിക്ക് ഒരുപാടു പേരെ സംശയമായിരുന്നു. എന്നാല്‍ എപ്പോഴാണ് വിഷബാധയുണ്ടായതെന്നോ എന്താണ് കഴിച്ചതെന്നോ എനിക്ക് അറിയില്ലെന്ന് ഇമ്രാന്‍ നാസിര്‍ പറഞ്ഞു.
സമ്പാദിച്ചതെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചുവെന്നും ആരും സഹായത്തിന് എത്തിയില്ലെന്നും ശാഹിദ് അഫ്രീദി മാത്രമാണ് മാനസികമായും സാമ്പത്തികമായും പിന്തുണച്ചിരുന്നതെന്നും അഫ്രീദി 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവാക്കിയെന്നും ഇമ്രാന്‍ പറയുന്നു.
വിഷം ശരീരത്തിലെത്തിയ ഉടന്‍ പ്രവര്‍ത്തിക്കില്ല എന്നതുകൊണ്ട് അപ്പോള്‍ അത് മനസിലാക്കാനും സാധിച്ചില്ല. എന്നാലത് തന്നെ വര്‍ഷങ്ങളായി കൊന്നുകൊണ്ടിരുന്നുവെന്നും അതു ചെയ്തവര്‍ക്ക് മോശമൊന്നും സംഭവിക്കണമെന്ന് ഇപ്പോഴും താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
Keywords: news, World, international, Sports, cricket, Top-Headlines, Trending, health, I Was Given Poison: Former Pakistan Cricketer Imran Nazir Makes Revelation