നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ ഗണേഷ് കുമാര്‍ എം എല്‍ എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല പോലീസില്‍ ഹാജരായി
ബേക്കല്‍: (www.kasargodvartha.com 19.11.2020) നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാര്‍ കോട്ടത്തല പോലീസില്‍ ഹാജരായി. ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത് വരികയാണ്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രദീപ് കോട്ടത്തല നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതിയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രദീപിന് ബേക്കല്‍ പോലീസ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ഭയന്നാണ് പ്രദീപ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കാസര്‍കോട്ടെത്തിയ പ്രദീപ് കുമാര്‍ വിപിന്‍ലാലിന്റെ അമ്മാവനോടും മൊഴി മാറ്റാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പിന്നില്‍ പ്രദീപ് കോട്ടത്തലയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 24നാണ് പ്രദീപ് ബേക്കലിലെത്തി വിപിന്‍ലാലിന്റെ ബന്ധുവിനെ കണ്ടത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍, ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ, അവിടെനിന്ന് കാസര്‍കോട്ടേക്ക് സഞ്ചരിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി, കാസര്‍കോട് നഗരത്തിലെ ജ്വല്ലറിയിലെ സിസിടിവി ദൃശ്യം, തമിഴ്‌നാട്ടിലെ തിരുനല്‍വേലിയിലെ ഒരാളുടെ പേരില്‍ സംഘടിപ്പിച്ച മൊബൈല്‍ സിമ്മിന്റെ തെളിവുകള്‍ തുടങ്ങിയവയാണ് പ്രദീപിലേക്ക് അന്വേഷണം എത്തിച്ചത്.
ഗണേഷ് കുമാര്‍ നിര്‍ദ്ദേശിക്കാതെ പ്രദീപ് സ്വമേധയാ ഇതിനായി ഇറങ്ങി തിരിക്കില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്താണ് നടന്‍ കൂടിയായ ഗണേഷ് കുമാര്‍ എം എല്‍ എ. അതു കൊണ്ടു തന്നെ പ്രദീപ് കുമാറിന്റെ മൊഴി നിര്‍ണ്ണയകമാണ്. ഇത്തരത്തില്‍ പ്രദീപ് കുമാറിന്റെ മൊഴി ലഭിച്ചാല്‍ ഗണേഷ് കുമാര്‍ എം എല്‍ എയിലേക്കും അന്വേഷണം നീളാന്‍ സാധ്യതയുണ്ട്.
Keywords: Bekal, case, news, Kasaragod, Attack, Trending, Arrest, Police, Investigation, Bail, Court, Ganesh Kumar MLA's office secretary Pradeep Kottathala Appear police