നബിദിനം: റാലികൾക്കും സാംസ്കാരിക പരിപാടികൾക്കും വിലക്ക്
Oct 20, 2020, 14:33 IST
മംഗളുരു: (www.kasargodvartha.com 20.10.2020) ഈ വർഷത്തെ നബിദിനത്തോടനുബന്ധിച്ച് റാലികൾ നടത്തുന്നതിനും തുറന്ന സ്ഥലത്ത് ഒത്തുകൂടുന്നതിനും കർണാടക സർക്കാറിന്റെ വിലക്ക്. കോവിഡ് വ്യാപിക്കുന്നതിനെതിരായ മുൻകരുതലിന്‍റെ ഭാഗമായാണ് തീരുമാനം. ഈദ് മിലാദ്, സാംസ്കാരിക പരിപാടികൾ, പൊതുയോഗങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം പകൽ-രാത്രി ചടങ്ങുകള്‍ക്കും മറ്റു പരിപാടികൾക്കും വിലക്ക് ബാധകമാണ്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച്, പള്ളികളിലും ദർഗകളിലും പ്രാർത്ഥന നടത്തുമ്പോൾ സാമൂഹിക അകലം പാലിക്കണം. പൊതു സ്ഥലങ്ങളിൽ ഉച്ചഭാഷിണിയുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
60 വയസ്സിനു മുകളിലുള്ളവരും പത്ത് വയസ്സിന് താഴെയുള്ളവരും വീടുകൾക്കുള്ളിൽ മാത്രമായി ആഘോഷങ്ങൾ ചുരുക്കണം. പള്ളികളിലേക്കോ പ്രാർഥനാ കേന്ദ്രങ്ങളിലേക്കോ പ്രവേശിക്കുമ്പോൾ കൈകൾ ശുചീകരിക്കാനും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുമുള്ള ക്രമീകരണങ്ങൾ നടത്തണം. എല്ലാവരും എല്ലായ്പ്പോഴും പരസ്പരം തമ്മിൽ കുറഞ്ഞത് ആറടി ദൂരം നിലനിർത്തണം, എന്നിവയാണ് നിർദ്ദേശങ്ങൾ.
ഖബർസ്ഥാൻ ഉൾപ്പെടെയുള്ള ഏതെങ്കിലും തുറസ്സായ സ്ഥലങ്ങളിൽ ബഹുജന പ്രാർത്ഥനകളോ പ്രഭാഷണങ്ങളോ സംഘടിപ്പിക്കാന്‍ പാടില്ലെന്നും സർക്കാർ അറിയിപ്പില്‍ പറയുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വഖ്ഫ് ബോര്‍ഡും മുത്തവല്ലിയും മറ്റു ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളണം. ഇതു സംബന്ധിച്ച ഉത്തരവുകൾ ജില്ലാ വഖ്ഫ് ഉദ്യോഗസ്ഥർ വഴി ഡെപ്യൂട്ടി കമ്മീഷണർമാർ, പോലീസ് സൂപ്രണ്ട്മാർ, മസ്ജിദുകൾ, ദർഗകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് കൈമാറാൻ സർക്കാർ സംസ്ഥാന വഖ്ഫ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദേശങ്ങൾ കര്‍ശനമായി പാലിക്കാൻ എല്ലാ വഖ്ഫ് സ്ഥാപനങ്ങള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Keywords: Mangalore, Karnataka, News, Eid,Milad-e-Shereef, Government, COVID-19, Trending, Eid Milad - No processions, coming together in open places